സദാനന്ദൻ, കേരളത്തിന് ആനന്ദം നൽകിയ പരിശീലകൻ
ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻറെ പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനാണ് ചെന്നൈയിൽ അന്ത്യമായത്. ഫാത്തിമ റുക്സാനയുടെയും സംഘത്തിൻറെയും പോരാട്ടവീര്യത്തിനൊപ്പം കേരളം മറ്റൊരാളോടുകൂടി കടപ്പെട്ടിരിക്കുന്നു, സി എസ് സദാനന്ദൻ എന്ന തന്ത്രശാലിയായ പരിശീലകനോട്. ഏറെ കാത്തിരുന്നു കിട്ടിയ കിരീടം ഏറെ മധുരകരമെന്ന് സദാനന്ദൻ സ്പോർട്സ് ഗ്ലോബിനോട് പറഞ്ഞു.
കോച്ച് സദാനന്ദൻ കേരളത്തിൻറെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നു…
വിജയം
കാത്തുകാത്തിരുന്ന വിജയത്തിന് മധുരം കൂടുതലാണ്. ഓരോ കളിക്കാരും ആത്മവിശ്വാസത്തോടെ ലക്ഷ്യം മുന്നിൽക്കണ്ട് കളിച്ചു. എല്ലാവരും മികവ് സ്ഥിരതയോടെ പുറത്തെടുക്കാൻ ശ്രമിച്ചു. ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇനി ഇതാവർത്തിക്കുകയാണ് ലക്ഷ്യം.
തന്ത്രങ്ങൾ
മുൻ ടീമുകളും മികച്ചവയായിരുന്നു. ഫൈനലിൽ റെയിൽവേയോട് തോൽക്കുന്നത് മാത്രമായിരുന്നു തിരിച്ചടി. ഇത്തവണ കളിക്കാരുടെ ആത്മവിശ്വാസം തകരാതെ നോക്കി.
സമ്മർദ്ദത്തിന് അടിപ്പെടാതെ ആസ്വദിച്ച് കളിക്കാനാണ് കളിക്കാരോട് ആവശ്യപ്പെട്ടത്. പിഴവുകൾ പറ്റിയാൽ അതേക്കുറിച്ച് ആലോചിക്കാതെ വരാനുള്ള നിമിഷങ്ങളെക്കുറിച്ചാണ് ഓർമ്മിപ്പിച്ചത്. റിലാക്സ് ചെയ്തു കളിക്കുക എന്നതായിരുന്നു പ്രധാനം.
ഓരോരുത്തരുടെയും കടമകൾ ഓർമ്മിപ്പിച്ചു. ഫൈനലിലും ഇതുതന്നെയാണ് നടപ്പാക്കിയത്. ഫൈനലാണെന്ന സമ്മർദ്ദത്തോടെ കളിക്കേണ്ടെന്ന് പറഞ്ഞു. കളിക്കാർ അത് പ്രാവർത്തികമാക്കി.

മുന്നൊരുക്കം
കാര്യമായ മുന്നൊരുക്കങ്ങളില്ലായിരുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് ടീം വൈകാതെ ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. സമ്മർദത്തെ അതിജീവിക്കുക എന്നതുമാത്രമേ കാര്യമായി ചെയ്യാനുണ്ടായിരുന്നുള്ളൂ.
കളിക്കാർ

കളിക്കാരിൽ ഭൂരിഭാഗവും സായിയുടെ കീഴിലുള്ള കെ എസ് ഇ ബി താരങ്ങളാണ്. എല്ലാവരും ഒരുമിച്ച് എൽ എൻ സി പി ഇയിൽ പരിശീലനം നടത്തുന്നത് ഒത്തിണക്കത്തിന് കാരണമായി. അവിടെ സണ്ണി ജോസഫാണ് കളിക്കാരെ പരിശീലിപ്പിക്കുന്നതെങ്കിലും എല്ലാവരെയും വ്യക്തിപരമായി അറിയുന്നവരാണ്. ഇത് ടീമെന്ന നിലയിൽ ഗുണം ചെയ്തു. കളിക്കാരുടെ കരുത്തും പോരായ്മയും അടുത്തറിയാൻ കഴിഞ്ഞതും ഗുണം ചെയ്തു. എല്ലാവരും അവസരത്തിനൊത്ത് ഉയർന്ന് കളിച്ചു. പുതിയ കളിക്കാരും കഴിഞ്ഞ വർഷം ടീമിലെത്തിയവരുമെല്ലാം കേരളത്തിൻറെ പ്രതീക്ഷ കാത്തു. ലിബറോ അശ്വതി രവീന്ദ്രൻ, സെറ്റർ കെ എസ് ജിനി, എസ് സൂര്യ എന്നിവർ ടൂർണമെൻറിലുടനീളം മികവ് നിലനിർത്തിയും പ്രധാനമായി.
സദാനന്ദൻ
രാജ്യാന്തര വോളിബോൾ ഫെഡറേഷന്റെ സെക്കൻഡ് ലെവൽ പരിശീലക സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള സദാനന്ദൻ തൃശൂർ വടക്കാഞ്ചേരി പുതുരുത്തി സ്വദേശിയാണ്. തിരുവനന്തപുരം എൻഎൻസിപിഇയിൽ പരിശീലകൻ. വോളിബോളിലെ സാങ്കേതിക വശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണത്തിന് കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ഗ്വാളിയോർ ജിവാജി സർവകലാശാലയിൽ പഠിക്കുന്ന കാലത്തു സർവകലാശാല ടീമിന്റെ സെറ്ററായിരുന്നു . ദേശീയ സ്പോർട്സ് അക്കാദമി പരിശീലന ഡിപ്ലോമ കോഴ്സിൽ രണ്ടാം റാങ്ക് ജേതാവുകൂടിയാണ് കേരളത്തിൻറെ വിജയശിൽപിയായ സദാനന്ദൻ. എറണാകുളം പാതാളം സ്വദേശിയും അപ്പോളോ ടയേഴ്സിൻറെ മുൻതാരവുമായ മജീദായിരുന്നു സഹപരിശീലകൻ.
