വെടിക്കെട്ട് ബാറ്റിംഗിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ മനംകവർന്ന് സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും

ഗള്‍ഫ് മണ്ണിൽ ചോര നീരാക്കി പൊന്ന് വാരിയവാണ് മലയാളികൾ. ഓരോ മലയാളിയുടേയും ജീവിതത്തിന് ഗൾഫുമായി അത്രയേറെ ഇഴയടപ്പമുണ്ട്. ഈ സീസണിലെ ഐ പി എല്ലിലെ ആദ്യ മത്സരങ്ങൾ പിന്നിടുമ്പോഴും ഇത് തന്നെയാണ് വ്യക്തമാവുന്നത്. 

ഐ പി എൽ ടീമുകളിലെ മലയാളി ബാറ്റ്സ്മാൻമാരെ യു എ ഇയിലെ പിച്ചുകൾ കൈവിട്ടില്ല. അരങ്ങേറ്റ മത്സരം ഉജ്ജ്വലമാക്കിയ ദേവ്ദത്ത് പടിക്കലും ആദ്യമത്സരം സിക്സിൽ ആറാടിയ സഞ്ജു സാംസണുമാണ് ഗൾഫ് മലയാളികൾക്ക് അഭിമാനമായത്. കൊവിഡ് കാരണം കാണികൾക്ക് വിലക്കുണ്ടെങ്കിലും മലയാളിതാരങ്ങൾ ബാറ്റുകൊണ്ട് നൽകിയ ആവേശത്തിന് അതിരില്ല.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ക്രീസിലെത്തുന്പോൾ സഞ്ജുവിൽ വലിയ പ്രതീക്ഷയായിരുന്നു രാജസ്ഥാൻ റോൽസിന്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഉറച്ച പിന്തുണകൊടുത്തപ്പോൾ ക്രീസ് റോക്കറ്റ് വിക്ഷേപണത്തറ പോലെയായി. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് നിരന്തരം സിക്സറുകൾ ഗാലറികളിലേക്ക് പറന്നു.  32 പന്തില്‍ ഒൻപത് സിക്സറുകളോടെ 74 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. 

കാടനടികളിലൂടെ അല്ലായിരുന്നു സ‍ഞ്ചുവിന്റെ 74 റൺസ്. ഇതുകൊണ്ട് തന്നെയാണ് സച്ചിൻ ടെൻഡുൽക്ക‍ർ, ഗൗതം ഗംഭീ‍ർ, ആകാശ് ചോപ്ര, ഹ‍ർഷ ഭോഗ്‍ലേ തുടങ്ങിയവ‍ർ വാനോളം പ്രശംസയുമായി എത്തിയത്. 

ബാംഗ്ലൂ‍ർ റോയൽ ചലഞ്ചേഴ്സിൽ അരങ്ങേറ്റം കുറിച്ച ക‍ർണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്സും ഇതുപോലെ തന്നെയായിരുന്നു.  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 42 പന്തില്‍ 56 റണ്‍സെടുത്താണ് ദേവ്ദത്ത് വരവറിയിച്ചത്. സൗരവ് ഗാംഗുലി അടക്കമുള്ളവ‍ർ ദേവദത്തിനെ പ്രശംസിക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശികളായ ബാബുവിന്റെയും മകനാണ് ഇരുപതുകാരനായ ദേവ്ദത്ത്. ഏതൊരു മലപ്പുറംകാരനേയും പോലെ ഫുട്ബോളും ഇടംകൈയൻ ബാറ്റ്സ്മാന്റെ ഹൃദയത്തിലുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ ദേവ്ദത്ത് യുണൈറ്റഡിന്റെ ഒറ്റമത്സരം പോലും പാഴാക്കാറില്ല.