“ താരങ്ങളായിരുന്നില്ലല്ലോ ഞങ്ങളാരും..”

രവിമേനോൻ

മിഠായിത്തെരുവിലെ ലക്കി ഹോട്ടലിൽ നിന്ന് സ്വാദുള്ള കോഴിക്കോടൻ കോഴിബിരിയാണി കഴിക്കുന്ന സയ്യദ് കിർമാനി. കൃഷ്ണ മഹാരാജ് ഹൽവ സ്റ്റോറിൽ നിന്ന് ചുവന്ന ഹൽവ തൂക്കിവാങ്ങുന്ന ചന്ദ്രശേഖർ. മാനാഞ്ചിറയുടെ മതിലിൽ അലസമായി ചാരിനിൽക്കുന്ന ഗുണ്ടപ്പ വിശ്വനാഥ് …. സങ്കൽപ്പിക്കാനാകുമോ ഇവരെയൊക്കെ ഈ റോളുകളിൽ?

ഭഗവത് സുബ്രഹ്മണ്യം ചന്ദ്രശേഖർ, ഇരാപ്പള്ളി അനന്തറാവു ശ്രീനിവാസ് പ്രസന്ന, ഗുണ്ടപ്പ രംഗനാഥ് വിശ്വനാഥ്, ബൃജേഷ്‌ പട്ടേൽ , റോജർ മൈക്കൽ ഹംഫ്രി ബിന്നി, സയ്യദ് മുജ്തബ ഹുസ്സൈൻ കിർമാനി….. ഇന്ത്യൻ ടെസ്റ്റ് ടീമിൽ വർഷങ്ങളോളം ജ്വലിച്ചു നിന്നവർ. ചിലരൊക്കെ ഇതിഹാസതാരങ്ങളായി വാഴ്ത്തപ്പെടുന്നവർ. പക്ഷേ 42 വർഷം മുൻപ് കർണ്ണാടകക്ക് വേണ്ടി കോഴിക്കോട്ട് രഞ്ജി ട്രോഫി കളിക്കാനെത്തിയപ്പോൾ, ഇവരാരുടേയും തലയ്ക്കു ചുറ്റും താരപരിവേഷത്തിന്റെ പൊൻവളയമുണ്ടായിരുന്നില്ല. മിഠായിത്തെരുവിലെ തിരക്കിനിടയിലൂടെ അധികമാരുടെയും ശ്രദ്ധയാകർഷിക്കാതെ നടന്നുപോകാൻ കഴിഞ്ഞു അവർക്ക്. ചെല്ലുന്നിടത്തെല്ലാം ആൾക്കൂട്ടമില്ല; ഒപ്പം നിന്ന് പടമെടുക്കാനുള്ള ബഹളമില്ല, ഓട്ടോഗ്രാഫ് വേട്ടക്കാരുടെ ശല്യമില്ല. അന്തരീക്ഷം ശാന്തം, സുന്ദരം. ഇടക്കൊരിക്കൽ ഡേവിസൺ തിയേറ്ററിൽ ചെന്ന് സിനിമ കാണുക വരെ ചെയ്തു ബൃജേഷ് പട്ടേലും ബിന്നിയും.

syed-kirmani

“ഇന്നത്തെ താരമൂല്യമില്ലല്ലോ അന്ന് ക്രിക്കറ്റ് കളിക്കാർക്ക്”– ആ കാലം ഓർമ്മപ്പെടുത്തിയപ്പോൾ കിർമാനി പറഞ്ഞു. “ടെലിവിഷൻ പോലുമില്ലാത്ത കാലം. പത്രങ്ങളിൽ വരുന്ന മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങൾ ആരുടെ ഓർമ്മയിൽ നിൽക്കാൻ? പിന്നെ കേരളത്തിൽ ക്രിക്കറ്റ് അത്ര ജനകീയ വിനോദവുമല്ല. ഫുട്ബാളിനാണ് അന്ന് ഇവിടെ ആരാധകർ ഏറെ.” എങ്കിലും മാതൃഭൂമി പത്രത്തിലും സ്പോർട്സ് വീക്കിലും കണ്ണൂരിലെ ഫുട്ബാൾ ഫ്രണ്ട് മാസികയിലും വരുന്ന ക്രിക്കറ്റ് താരങ്ങളുടെ പടങ്ങൾ സൂക്ഷ്മതയോടെ വെട്ടിയെടുത്ത് നോട്ട് ബുക്കിൽ ഒട്ടിച്ചുവെച്ചിരുന്ന അന്നത്തെ സ്‌കൂൾ വിദ്യാർത്ഥിക്ക് ഏത് ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയാനാകുമായിരുന്നു തന്റെ ആരാധനാപാത്രങ്ങളെ — ലെഗ് സ്പിൻ മാന്ത്രികനായ ചന്ദ്രശേഖറിനെ പ്രത്യേകിച്ചും. അന്നും ഇന്നും എന്നും ചന്ദ്ര തന്നെ അവന്റെ ക്രിക്കറ്റ് ദൈവം. “അത്ഭുതം തോന്നുന്നില്ല എനിക്ക്.”- കിർമാനി പറഞ്ഞു. “താങ്കൾ സംഗീതപ്രേമി കൂടി ആയതു കൊണ്ടാകാം. മുകേഷിന്റെ പാട്ടുകളുടെ താളത്തിനനുസരിച്ച് സ്വന്തം ഹൃദ്സ്പന്ദനം വരെ ക്രമീകരിച്ച ആളാണ് ചന്ദ്ര എന്ന് ഞങ്ങൾ തമാശയായി പറയുമായിരുന്നു. ഇന്നും വീൽ ചെയറിൽ ഇരുന്ന് അതേ പാട്ടുകൾ കേൾക്കുന്നു പാവം ചന്ദ്ര.”

kirmani

രഞ്ജി ട്രോഫിയിൽ അപൂർവമായി മാത്രം കേരളം ജയിച്ചിരുന്ന കാലമാണ് അതെന്നോർക്കുക. 1977 ൽ കോഴിക്കോട്ടെ ശുഷ്കമായ പ്രേക്ഷകവൃന്ദത്തിന് മുന്നിൽ നടന്ന ആ ദക്ഷിണ മേഖലാ ലീഗ് മത്സരത്തിൽ ജെ കെ മഹേന്ദ്ര നയിച്ച കേരളം, ഗുണ്ടപ്പ വിശ്വനാഥിന്റെ കർണ്ണാടകയോട് 202 റൺസിന് തോറ്റു. പട്ടേലിന്റെയും (93) കിർമാനിയുടെയും (62) ബാറ്റിങ് മികവിൽ ഒന്നാമിന്നിങ്സിൽ കർണ്ണാടക നേടിയത് 277 റൺസ്‌. അഞ്ചു വിക്കറ്റെടുത്ത പി ടി ഗോഡ്‌വിൻ ആയിരുന്നു കേരളത്തിന്റെ മികച്ച ബൗളർ. തൊട്ടുപിന്നാലെ നാലു വിക്കറ്റ് വീതംവീഴ്ത്തി സ്പിൻ ദ്വയം ചന്ദ്രയും പ്രസന്നയും കൂടി കേരളത്തിന്റെ ഇന്നിംഗ്സ് 155 റൺസിന് ചുരുട്ടിക്കെട്ടുന്നു. രണ്ടാമിന്നിങ്‌സിലും കണ്ടു സന്ദർശകരുടെ ബാറ്റിങ് മേധാവിത്തം — നാലു വിക്കറ്റിന് 205 ഡിക്ളേർഡ്. (വിശ്വനാഥ് 62, പട്ടേൽ 55). ക്ളൈമാക്സിൽ ആതിഥേയരെ കശക്കിയെറിഞ്ഞു കർണാടക. കേരളം 125 ഓൾ ഔട്ട്. ബിന്നിക്കും പ്രസന്നക്കും മുമ്മൂന്ന് വിക്കറ്റ്.

ആ കാലഘട്ടത്തിൽ നിന്ന് വളരെ വളരെ മുന്നോട്ടു പോയിരിക്കുന്നു കേരളം — രഞ്ജിയുടെ സെമി ഫൈനലോളം. “സന്തോഷമുണ്ട്. ഈ പുതിയ യുഗപ്പിറവിയിൽ.”– ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വലിയ എന്റർടെയ്‌നർമാരിൽ ഒരാളായ സയ്യദ് കിർമാനി പറഞ്ഞു. “ഒരു പാട് മനുഷ്യർ ഒഴുക്കിയ വിയർപ്പുണ്ടാകും ഈ വളർച്ചക്ക് പിന്നിൽ. അവരെയും ഓർക്കുക. ഞങ്ങളെപ്പോലുള്ള പഴയ പടക്കുതിരകൾ അടുത്തെത്തുമ്പോൾ മൊബൈൽ ഫോണിൽ നിന്ന് ഒരു നിമിഷം തലയുയർത്തി നോക്കി ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാൻ മറക്കാതിരിക്കുക. വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കുകയും പരാജയങ്ങളിൽ തളരാതിരിക്കുകയും ചെയ്യുമ്പോഴാണ് നിങ്ങൾ ഒരു യഥാർത്ഥ സ്പോർട്സ്മാൻ ആയി മാറുക. അതിന് ദൈവം അനുഗ്രഹിക്കട്ടെ..”