ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ നീനയ്ക്ക് വെള്ളി; സ്വപ്‌നനേട്ടം പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച് മലയാളിതാരം

ഏഷ്യന്‍ ഗെയിംസ് മെഡലെന്ന ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് നീന പിന്റോ. ജക്കാര്‍ത്തയില്‍ 6.51 മീറ്റര്‍ ദൂരത്തോടെയാണ് നീന രജതശോഭയിലേക്ക് ചാടിയെത്തിയത്. നാലാം ചാട്ടത്തിലാണ് മത്സരത്തില്‍ നീന വെള്ളിമെഡലിനുള്ള ദൂരത്തിലെത്തിയത്. 6.55 മീറ്റര്‍ ചാടിയ വിയറ്റ്‌നാമിന്റെ  തിതു താവോ ബൂയിക്കാണ് സ്വര്‍ണം.

ആദ്യ ശ്രമത്തില്‍ 6.41 മീറ്ററായിരുന്നു നീനയുടെ ദൂരം. മൂന്നാം ശ്രമത്തില്‍ 6.50 മീറ്ററായി ഉയര്‍ത്തി. തുടക്കം മുതലേ ഉണ്ടായിരുന്ന രണ്ടാം സ്ഥാനം മത്സരം കഴിയുംവരെ നിലനിര്‍ത്താനും നീനയ്ക്ക് കഴിഞ്ഞു.

അത്‌ലറ്റിക് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തെക്കുറിച്ച് നീന സ്‌പോര്‍ട്‌സ് ഗ്ലോബിനോട് സംസാരിക്കുന്നു.

മെഡല്‍നേട്ടം

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഏഷ്യന്‍ ഗെയിംസ് മെഡല്‍. ആ നേട്ടത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പേഴ്‌സല്‍ ബെസ്റ്റ് ആവര്‍ത്തിച്ചിരുന്നെങ്കില്‍ സ്വര്‍ണം നേടാമായിരുന്നു, എന്നാലും നിരാശയില്ല.

എതിരാളികള്‍

ശക്തമായ മത്സരമായിരുന്നു. ആദ്യ ഊഴത്തില്‍ തന്നെ 6.40 മീറ്ററില്‍ കൂടുതല്‍ ചാടാന്‍ കഴിഞ്ഞത് ആത്മവിശ്വാസമേകി. കൂടുതല്‍ ചാടാന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. ആദ്യ ചാട്ടത്തില്‍ ദൂരം കുറവായിരുന്നെങ്കില്‍ തളര്‍ന്നുപോയേനെ.

ജക്കാര്‍ത്തയിലേക്ക്

ഏഷ്യന്‍ ഗെയിംസ് നടക്കുന്ന വേദിയില്‍ തന്നെയാണ് ഞാന്‍ യോഗ്യത നേടിയത്. അതിന്റെ പരിചയം ഉണ്ടായിരുന്നു. അവസാന നിമിഷം വീണ്ടും ട്രയല്‍സ് നടത്തിയപ്പോള്‍ ആശങ്കയുണ്ടായിരുന്നു. കനത്ത മഴയിലും ഭേദപ്പെട്ട പ്രകടനം നടത്താതാത് ആത്മവിശ്വാസം നഷ്ടവാതിരിക്കാന്‍ സഹായിച്ചു.

neena varaki

പ്രളയബാധിതര്‍ക്കൊപ്പം

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. ഇത് നാട്ടിലെ പ്രളയബാധിതര്‍ക്കും പരിശീകര്‍ക്കും വീട്ടുകാര്‍ക്കും സമര്‍പ്പിക്കുന്നു. പ്രളയബാധിതര്‍ പലതരത്തിലുള്ള പ്രയാസം നേരിടുമ്പോള്‍ എന്റെ മെഡലിന് അല്‍പമെങ്കിലും സന്തോഷം പകരാന്‍ കളിയുമെങ്കില്‍ വളരെയേറെ സന്തോഷം.

പിന്റോയുടെ പിന്തുണ

മെഡല്‍ നേട്ടത്തില്‍ ഭര്‍ത്താവ് പിന്റോയുടെ പിന്തുണ വളരെ നിര്‍ണായകമായിരുന്നു. സ്വന്തം ചെലവിലാണ് എനിക്ക് ആത്മിവിശ്വാസം പകരാന്‍ പിന്റോ ജക്കാര്‍ത്തയിലെത്തിയത്. വിവാഹശേഷം മികച്ച പ്രകടനം നടത്താനാവില്ലെന്ന് പലരും വിമര്‍ശിച്ചിരുന്നു. അത് തെറ്റാണെന്ന് തെളിയിക്കണം എന്നുണ്ടായിരുന്നു. ഇനിയും അത്‌ലറ്റിക്‌സില്‍ തുടരും.

കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയാണ് റെയില്‍വേ ജീവനക്കാരിയായ നീന.