വില്യന്‍, ബ്രസീലിന്റെ റോക്കറ്റ്

ബ്രസില്‍ ടീമില്‍ വില്യന്റെ ഇരട്ടപ്പേരാണ് റോക്കറ്റ്. മെക്‌സിക്കോയ്‌ക്കെതിരെ വില്യന്‍ ഇരട്ടപ്പേര് അന്വര്‍ഥമാക്കിയപ്പോള്‍ ബ്രസീലിന് സ്വന്തമായത് ക്വാര്‍ട്ടര്‍ ഫൈനല്‍. കളംനിറഞ്ഞ് കളിച്ച വില്യന് ഒച്ചോവയുടെ മികവ് ഇല്ലായിരുന്നെങ്കില്‍ ഗോള്‍പട്ടികയിലും ഇടംപിടിക്കാനാവുമായിരുന്നു.

നെയ്മറുടെ ബാക്ക്ഹീല്‍ പാസ് കിട്ടിയതിന് ശേഷം റോക്കറ്റ് ആവുകയായിരുന്നു വില്യന്‍. ഇടതുവശത്തുകൂടി മിന്നല്‍പ്പിണറായി. ബ്രസീല്‍ കാത്തിരുന്ന നിമിഷവുമെത്തി. വില്യന്റെ പാസിന് നെയ്മറിന് കാല്‍വയ്‌ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

രണ്ടാം പാതിയില്‍ വില്യനെ വലതുവശത്തുനിന്ന് മധ്യഭാഗത്തേക്ക് മാറ്റിയ ടിറ്റേയുടെ തീരുമാനവും നിര്‍ണായകമായി. ഇതോടെ വില്യന് ഇരുവശത്തേക്കും മിന്നലാട്ടം നടത്താനായി.

മധ്യഭാഗത്തുകൂടി പന്ത് കാലില്‍ ഒട്ടിച്ചപോലെ വില്യന്‍ കുതിച്ചപ്പോഴൊക്കെ മെക്‌സിന്‍ പ്രതിരോധം പരിഭ്രാന്തിയിലായി. ആദ്യഗോള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. ”ഓരോ കളിയിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. മെക്‌സിക്കോയ്‌ക്കെതിരെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അവസരം കിട്ടിയത് ഗുണമായി’- വില്യന്‍ പറഞ്ഞു.

കുടിഞ്ഞോയെയും നെയ്മറെയും മെക്‌സിക്കന്‍ താരങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ വില്യന് കൂടുതല്‍ ഇടങ്ങള്‍ തുറന്നുകിട്ടുകയും ചെയ്തു.