ലോകകപ്പ് ഏറ്റവും വലിയ സ്വപ്നം; അ‍ർജന്‍റീനയ്ക്ക് ഇനിയൊരു രണ്ടാംസ്ഥാനം വേണ്ട: മെസ്സി

2014 ലോകകപ്പ് ഫൈനലിലെ തോൽവി അർജന്‍റീനയ്ക്ക് ഹൃദയഭേദകമായിരുന്നു. മാരിയോ ഗോട്സേയുടെ ഗോൾ മെസ്സിയുടെ ഹൃദയത്തിലേക്കാണ് വീണത്. പിന്നാലെ വന്ന കോപ്പ അമേരിക്ക ഫൈനലുകളിലെ തോൽവി അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. മെസ്സി വിരമിക്കൽ പ്രഖ്യാപനം നടത്തി. മനസ്സുമാറി തിരിച്ചെത്തി. യോഗ്യതാ റൗണ്ടിൽ മരണമുഖത്തായപ്പോൾ ജീവൻ നീട്ടിയെടുത്തതും സാക്ഷാൽ മെസ്സി. നാലാം ലോകകപ്പിന് റഷ്യയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ഫുട്ബോൾ ഇതിഹാസം.

മാരക്കാനയിലെ തോൽവി ഇപ്പോഴും വേട്ടയാടുന്നുണ്ടോ?

മാരക്കാനയിലെ മുറിവ് വളരെ വലുതാണ്. അത് എന്നോടൊപ്പം, ടീമിനൊപ്പം തുടരും. ഞങ്ങൾ സ്വപ്നനേട്ടത്തിന് അടുത്തെത്തിയതാണ്. പക്ഷേ, ഇത് ഫുട്ബോളാണ്. അവസാന കടമ്പയിൽ വീണു. ഞാൻ കരഞ്ഞു, ഞങ്ങൾ കരഞ്ഞു, അർജന്‍റീനയാകെ കരഞ്ഞു. ആ വേദന ഇപ്പോഴുമുണ്ട്. മികച്ച ടീം എപ്പോഴും ജയിക്കണമെന്നില്ല. തോൽവി അംഗീകരിച്ചേ മതിയാവൂ.

മറ്റൊരു ലോകകപ്പ്,  പ്രതീക്ഷകൾ എത്രത്തോളം ?

എപ്പോഴും ഏറ്റവും മികച്ചത് അ‍ർജന്‍റീനയ്ക്ക് നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു. പക്ഷേ, കിരീടത്തിലേക്ക് എത്താൻ കഴിയുന്നില്ല. 1986 മുതൽ ഓരോ ലോകകപ്പിലും അ‍ർജന്‍റൈൻ ടീമിലുള്ള പ്രതീക്ഷ വളരെ വലുതാണ്.  ഏതൊരു അർജന്‍റീനക്കാരനേയും പോലെ ലോകകപ്പാണ് എന്‍റേയും ഏറ്റവും വലിയ സ്വപ്നം. കഴിഞ്ഞ തവണ ഞങ്ങൾ അതിന്‍റെ തൊട്ടരുകിലെത്തി. പക്ഷേ, അവസാന കടമ്പയിൽ വീണു.

2018ലെ പ്രതീക്ഷ ?

എന്‍റെ സ്വപ്നം പഴയതുപോലെ തുടരുകയാണ്. ഫൈനലിൽ ജയിച്ച് കപ്പുയർത്തുക.ഫൈനലിൽ എത്തുക എന്നതുതന്നെ വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനം ആവർത്തിക്കണം. ഫൈനലിലെ പിഴവുകൾ തിരുത്തണം. എന്‍റെ തലമുറയിലെ താരങ്ങൾക്ക് ലോക വിജയികളാവാനുള്ള അവസാന അവസരമാണിത്.

രാജ്യത്തിന്‍റെ അമിതപ്രതീക്ഷ ഭാരമാവുന്നുണ്ടോ?

ഇല്ല. നിങ്ങളൊരു അർജന്‍റൈൻ ആണെങ്കിൽ, ഫുട്ബോൾ പ്രേമി ആണെങ്കിൽ ഏറ്റവും വലിയ സ്വപ്നം ലോകകപ്പ് നേടുക എന്നതാണ്. അങ്ങനെ പ്രതീക്ഷിക്കുന്നതിൽ വിശ്വസിക്കുന്നതിൽ തെറ്റില്ല. ഞാനും ഇതുപോലെയാണ് ചിന്തിക്കുന്നതും വിശ്വസിക്കുന്നതും. എല്ലാവർക്കുമറിയാം ലോകകപ്പ് നേടുക എളുപ്പമല്ല എന്നകാര്യം. പക്ഷേ, പ്രതീക്ഷകൾക്ക് അതിരുണ്ടാവില്ല. അത് സ്വാഭാവികമാണ്.

തോൽക്കുമ്പോൾ  അർജന്‍റൈൻ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങൾ  വേദനിപ്പിക്കാറുണ്ടോ?

തീർച്ചയായും. പക്ഷേ, അവരും ഞങ്ങൾ അനുഭവിച്ച വേദന പങ്കിടുന്നവരാണ്. അതേ അവസ്ഥയിലൂടെ കടന്നുപോയിട്ടാണ് വിമർശിക്കുന്നത്. കാരണം ഫുട്ബോൾ അർജന്‍റീനയ്ക്ക് ഭ്രാന്താണ്. സ്വാഭാവികമായും വിമർശനങ്ങളും അതേ തലത്തിലുള്ളതായിരിക്കും. മൂന്ന് ഫൈനലിൽ എത്തിയെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ഇനിയൊരു രണ്ടാം സ്ഥാനം അർജന്‍റീനയ്ക്ക് വേണ്ട.

messi

ഗ്രൂപ്പിലെ എതിരാളികളായ ഐസ്‍ലാൻഡ്, ക്രോയേഷ്യ, നൈജീരിയ എന്നിവരെക്കുറിച്ച് ?

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ലോകകപ്പിൽ കളിക്കുന്നത്. തുടക്കം മുതലേ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ മുന്നോട്ട് പോകാനാവൂ. ആരും ഔദാര്യം കാണിക്കില്ല. രാജ്യത്തിനായി ലോകകപ്പിൽ കളിക്കുമ്പോൾ ഉത്തരവാദിത്തം ആരും മറക്കില്ല. എല്ലാ കളികളും വളരെ പ്രധാനപ്പെട്ടതാണ്.

ഏറ്റവും കൂടുതൽ സാധ്യത ആർക്കാണ്?

എല്ലാ പ്രമുഖ ടീമുകൾക്കും സാധ്യതയുണ്ട്. നിലവിലെ ചാമ്പ്യൻമാരായ  ജർമ്മനി കരുത്തരാണ്. മികവ് ആവർത്തിക്കാൻ അവർ ശ്രമിക്കും. സ്പെയ്ൻ, ബ്രസീൽ, ഫ്രാൻസ് , പോർട്ടുഗൽ എന്നിവരും അതിശക്തരാണ്.

ഇറ്റലിയുടെയും ഹോളണ്ടിന്‍റെയും അഭാവം?

ലോകകപ്പ് എത്രത്തോളും വെല്ലുവിളി നിറഞ്ഞതാണെന്ന് ഇറ്റലിയുടെയും ഹോളണ്ടിന്‍റെയും അഭാവം വ്യക്തമാക്കുന്നു. ഇറ്റലിയും ഹോളണ്ടുമില്ലാത്ത ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. അത് സംഭവിച്ചിരിക്കുന്നു. തീ‍ർച്ചയായും അസൂറികളുടെയും ഓറഞ്ച് പടയുടെയും അസാന്നിധ്യം റഷ്യയിൽ  പ്രകടമായിരിക്കും.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്‍റീനയുടെ കിതപ്പ്?

അവസാനമത്സരം വരെ യോഗ്യതയ്ക്കായി കാത്തിരിക്കേണ്ടി വന്നു. അവസാനമത്സരത്തിൽ ജയമല്ലാതെ രക്ഷയില്ലായിരുന്നു. ഇക്വഡോറിനെതിരെ എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നു. വിജയഗോൾ നേടാൻ എനിക്ക് കഴിഞ്ഞു. ടീം റഷ്യയിലെത്തിയതിൽ സന്തോഷവും അഭിമാനവുമുണ്ട്. യോഗ്യതാ കടമ്പയെല്ലാം കഴിഞ്ഞല്ലോ. ലോകകപ്പിൽ മികവ് പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.