പ്രതിഷേധം ഫലംകണ്ടു: ഇസ്രയേലുമായുള്ള അര്‍ജന്റീനയുടെ ലോകകപ്പ് സന്നാഹമത്സരം ഉപേക്ഷിച്ചു; സ്വാഗതം ചെയ്ത് പലസ്തീന്‍
ജറുസലേം: ലോകകപ്പിന് മുന്‍പ് ഇസ്രയേലുമായുള്ള അവസാന സന്നാഹമത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. അര്‍ജന്റൈന്‍ ടീം ഇസ്രയേലില്‍ കളിക്കുന്നതിനെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ലിയോണല്‍ മെസ്സിയുടെയും സംഘത്തിന്റെയും തീരുമാനത്തെ പലസ്തീന്‍ സ്വാഗതം ചെയ്തു.
ജറുസലേമിലെ ടെഡ്ഡി സ്റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് കളി നടക്കേണ്ടിയിരുന്നത്. 1986ന് ശേഷം അര്‍ജന്റീന ഇസ്രയേലില്‍ നാല് തവണ കളിച്ചിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായാണ് ഇത്തവണ അവസാന ലോകകപ്പ്
സന്നാഹമത്സരം ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി. കളി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് പലസ്തീന്‍ ഫിഫയ്ക്കും അര്‍ജന്റൈന്‍ ഫു്ട്‌ബോള്‍ അസോസിയേഷനും കത്തയക്കുകയും ചെയ്തു.
ഇസ്രയേല്‍ സൗഹൃദം എന്താണെന്ന് അറിയാത്ത രാജ്യമാണെന്നും അതുകൊണ്ട് അവര്‍ക്കെതിരെ കളിക്കരുത് എന്നുമായിരുന്നു പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രീല്‍ റജൗബിന്റെ നിലപാട്. മത്സരത്തെ രാഷ്ട്രീയമായി ഇസ്രയേല്‍ ഉപയോഗിക്കുന്നു. മെസ്സി കളിച്ചാല്‍ പത്താം നമ്പര്‍ ജഴ്‌സികളും മെസ്സിയുടെ ചിത്രങ്ങളും കത്തിക്കണമെന്നും രജൗബ് ആഹ്വാനം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയതോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കളി വേണ്ടെന്ന് മെസ്സി അധികൃതരോട് ആവശ്യപ്പെട്ടത്.
ഇസ്രയേലിന്റെ എഴുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കാനിരുന്നത്. മത്സരം സംഘടിപ്പിക്കുന്ന പ്രദേശം ഇസ്രയേല്‍ ബലപ്രയോഗത്തിലൂടെ പലസ്തീനില്‍ നിന്ന് തട്ടിയെടുത്ത പ്രദേശമാണെന്നും മത്സരത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ അര്‍ജന്റൈന്‍ ടീമിന്റെ നടപടികളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും പലസ്തീന്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ബാഴ്‌സലോണയില്‍ പരിശീലനം നടത്തുന്ന ഗ്രൗണ്ടിന് മുന്നിലും അര്‍ജന്റീനയ്‌ക്കെതിരെ പ്രതിഷേധ റാലി നടന്നിരുന്നു.
ഇതേസമയം, കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അര്‍ജന്റൈന്‍ പ്രധാനമന്ത്രി മൗറീസ്യോ മാക്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. കളി ഉപേക്ഷിച്ചുവെന്ന വാര്‍ത്തയെ പലസ്തീന്‍ ആഘോഷത്തോടെയാണ് വരവേറ്റത്. അര്‍ജന്റൈന്‍ ടീം രാഷ്ട്രീയ ഉപകരണം ആകരുതെന്നുള്ളതിനാലാണ് കളി നടത്തുന്നതിനെ എതിര്‍ത്തതെന്നും പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.
ഇതോടെ അവസാന ലോകകപ്പ് സന്നാഹമത്സരം കളിക്കാതെയാവും മെസ്സിയും സംഘവും റഷ്യയിലെത്തുക. ഗ്രൂപ്പ് ഡിയില്‍ ഈമാസം പതിനാറിന് ഐസ് ലാന്‍ഡിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ക്രോയേഷ്യയും നൈജീരിയയുമാണ് മറ്റ് എതിരാളികള്‍.