എൻറേത് പെലെ, മറഡോണ, മെസ്സി എന്നിവരേക്കാള്‍ വലിയ നേട്ടം: ഹിഗ്വിറ്റ
റെനെ ഹിഗ്വിറ്റ, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേര്. കളത്തിനകത്തും പുറത്തും വ്യത്യസ്തന്‍. ക്രോസ്ബാറിന് കീഴില്‍ ആരും ചിന്തിക്കാന്‍പോലും ആഗ്രഹിക്കാത്ത കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയ ഗോള്‍കീപ്പര്‍. 1990 ലോകകപ്പിലെ ആനമണ്ടത്തരവും സ്‌കോപിയോണ്‍ കിക്കുമെല്ലാം ഇന്നും ഹിഗ്വിറ്റയെ വേറിട്ട കാവല്‍ക്കാരനാക്കുന്നു. കളിയിലും ജീവിതത്തിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഹിഗ്വിറ്റ സംസാരിക്കുന്നു…
ഗോള്‍കീപ്പര്‍മാരില്‍ ഒരു തലമുറയുടെ പ്രതിനിധിയാണ് ഹിഗ്വിറ്റ. പക്ഷേ, 1990ലെ ഒറ്റ ലോകകപ്പിലേ താങ്കള്‍ കളിച്ചിട്ടുള്ളൂ. അതേക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ്?.
വളരെയേറെ ഓര്‍മ്മകള്‍ സമ്മാനിച്ച ലോകകപ്പാണ് 1990ല്‍ ഇറ്റലിയില്‍ നടന്നത്. 28 വര്‍ഷത്തിന് ശേഷം കൊളംബിയ ലോക ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് തിരിച്ചെത്തി എന്നതായിരുന്നു ഏറ്റവും വലിയ സവിശേഷത, കളിക്കാരും. കൊളംബിയന്‍ ഫുട്‌ബോളിന്റെ പുനര്‍ജന്‍മം കൂടിയായിരുന്നു 1990 ലോകകപ്പ്. ലോകകപ്പില്‍ കളിക്കുക എന്നാല്‍ ജിവിതത്തിലെ നല്ലകാലം എന്നാണര്‍ഥം. കരിയറിന്റെ സുവര്‍ണകാലം. ക്ലബിന് വേണ്ടി എത്ര വലിയ മത്സരങ്ങളില്‍ കളിച്ചാലും ലോകകപ്പിന് തുല്യമാവില്ല.
പ്രീക്വാര്‍ട്ടറില്‍ കൊളംബിയ പുറത്തായതിന് കാരണം താങ്കളായിരുന്നു. റോജര്‍ മില്ലയുടെ ഗോള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ?.
പിഴവുകളേക്കാള്‍ ക്രിയാത്മകമായ ഒട്ടേറെ നേട്ടങ്ങളോടെയാണ് ഞാന്‍ കളി അവസാനിപ്പിച്ചത്. കാമറൂണിനെതിരെയുള്ള മത്സരം ഇതിന് ഉദാഹരണമാണ്. റെനെ ഹിഗ്വിറ്റയുടെ കളിയിലൂടെയാണ് ലോകം പലമാറ്റങ്ങളും കണ്ടത്. നിയമങ്ങള്‍ മാറിയത്. അതുവരെ ഗോള്‍കീപ്പര്‍മാര്‍ പന്ത് കാലുകൊണ്ട് കളിക്കരുതെന്ന് കരുതിയ കാലമായിരുന്നു. ഇപ്പോള്‍ ഗോളിക്ക് എപ്പോഴും പന്ത് കൈമാറുന്നു. പക്ഷേ, അവര്‍ക്ക് കൈകൊണ്ട് അതില്‍ തൊടാനാവില്ല. പെലെ, മറഡോണ, മെസ്സി തുടങ്ങിയവര്‍ക്കുപോലും ഫുട്‌ബോളില്‍ ഇങ്ങനെയൊരു മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതാണ് ഹിഗ്വിറ്റയുടെ നിയമം. ഇങ്ങനെയാണ് ഗോള്‍കീപ്പര്‍മാര്‍ കളിക്കേണ്ടതെന്ന് കൊളംബിയയില്‍ മാത്രമല്ല, ലോകമെമ്പാടും ഇപ്പോള്‍ പറയുന്നു. ചിലപ്പോള്‍ പിഴവുകള്‍ പറ്റാം. പക്ഷേ, ധൈര്യശാലികള്‍ക്കേ പരീക്ഷണങ്ങള്‍ നടത്താനാവൂ. അതാണ് ഞാനെപ്പോഴും ചെയ്തത്.
സാഹസികതയാണെങ്കിലും തിരിച്ചടിയായില്ലേ?
കാമറൂണിനെതിരെ ഒരു ഗോളിന് പിന്നിട്ട് നില്‍ക്കുകയായിരുന്നു കൊളംബിയ. ഞങ്ങള്‍ക്ക് സാഹസികരായേ മതിയാവുമായിരുന്നുള്ളൂ. പരിചയക്കുറവുള്ള ടീമായിരുന്നു കൊളംബിയ. ഞങ്ങള്‍ രണ്ട് ഗോളിനോ, മൂന്ന് ഗോളിനോ, നാല് ഗോളിനോ തോല്‍ക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ബെര്‍ണാര്‍ഡോ റെഡില്‍ ഒരുഗോള്‍ തിരിച്ചടിച്ചതോടെയാണ് കാര്യങ്ങള്‍ പ്രശ്മായത്. മാധ്യമങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. ഹിഗ്വിറ്റ അബദ്ധം കാണിച്ചില്ലായിരുന്നെങ്കില്‍ കളി സമനിലയിലായേനെ എന്നായിരുന്നു വിമര്‍ശനം. ഇപ്പേഴും ചിലര്‍ വിമര്‍ശിക്കാറുണ്ട്. പക്ഷേ, ഞാനത് കാര്യമാക്കുന്നില്ല. ഫുട്‌ബോളില്‍ ഭൂതകാലത്തിന് പ്രസക്തിയില്ല. വര്‍ത്തമാന കാലം മാത്രമേയുള്ളൂ. അതാവട്ടെ 90 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്നതും.
ഹിഗ്വിറ്റ സ്റ്റൈല്‍ എങ്ങനെയാണ് ഉണ്ടായത്?
സ്വാഭാവികമായി വന്നതാണ്. അര്‍ജന്റീനയുടെയും ബോക്ക ജൂനിയേഴ്‌സിന്റെയും ഗോളിയായിരുന്ന ഹ്യൂഗോ ഗാട്ടിയെ ഞാന്‍ മാതൃകയാക്കിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചെറുപ്പത്തില്‍ പലഗോളികളുടെയും കളി കണ്ടിട്ടുണ്ട്. ഗോള്‍കിക്ക് മാത്രമാണ് കാലുകൊണ്ട് അവര്‍ ചെയ്യാറുള്ളൂ. ബാക്കിയെല്ലാം കൈകൊണ്ടുള്ള കളിയായിരുന്നു. അങ്ങനെയാണ് കാലുകൊണ്ട് ഗോളിക്കും കളിച്ചാല്‍ എന്താണെന്ന ചിന്ത എന്നിലുണ്ടായത്. വെറുതെ പന്ത് അടിച്ചകറ്റുന്നതിന് പകരം സ്വന്തം ടീമിലെ കളിക്കാരന് തന്നെ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
പുതിയ ഗോളിമാരില്‍ ആരെയാണ് ഇഷ്ടം?
ജര്‍മ്മന്‍ ഗോളി മാനുവല്‍ ന്യൂയര്‍. അനായാസമായാണ് അയാള്‍ കളിക്കുന്നത്. ടീമിനെ വളരെയേറെ സഹായിക്കുന്നു. ഒന്നാന്തരം ഗോള്‍കീപ്പര്‍. പുതിയ കാലത്തില്‍ കൈകൊണ്ട് മാത്രമല്ല, ഗോളി കാലുകൊണ്ടും നന്നായി കളിക്കണം. ഇതിന് തുടക്കമിട്ടത് ഞാനാണ്. ഇക്കാര്യത്തില്‍ സന്തോഷമുണ്ട്. കാലം എന്നെ പിന്തുടര്‍ന്നു. പിഴവുകള്‍ പറ്റിയിട്ടുണ്ടാവും. മനപ്പൂര്‍വം ടീമിനെ തോല്‍വിയിലേക്ക് തള്ളിയിടാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എപ്പോഴും കളിക്കുന്ന ടീമിന്റെ ജയം തന്നെയാണ് ആഗ്രഹിച്ചിട്ടുള്ളത്.
റഷ്യന്‍ ലോകകപ്പില്‍ കൊളംബിയയുടെ സാധ്യതകള്‍?
ടീം എന്നും നന്നായി കളിക്കണമെന്നാണ് ആഗ്രഹം. ഹാമിഷ് റോഡ്രിഗസ്, റഡാമല്‍ ഫല്‍കാവോ തുടങ്ങിയവരൊക്കെ ഇപ്പോള്‍ യൂറോപ്പിലാണ് കളിക്കുന്നത്. ഇത് ടീമിന് ഗൂണം ചെയ്യും. ഇപ്പോഴത്തെ ടീമിലും കോച്ചിംഗ് സ്റ്റാഫിലും ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയും വിശ്വാസവുമുണ്ട്.
റോഡ്രിഗസ് സ്വാഭാവിക നായകനാണോ?
അതെ. അതുകൊണ്ടുതന്നെയാണ് റോഡ്രിഗസ് ഈ നിലയില്‍ എത്തിയത്. രാജ്യം അര്‍ഹമായ അംഗീകാരം അയാള്‍ക്ക് നല്‍കുന്നുണ്ട്. കഴിവും പരിശ്രമവുംകൊണ്ടാണ് നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. സമ്പൂര്‍ണ കളിക്കാരനാണ് റോഡ്രിഗസ്. ഗോളടിക്കാനും ഗോളടിപ്പിക്കാനും അറിയുന്ന ടീം പ്ലയര്‍. ഓരോ പാസിന്റെ കണിശതയെക്കുറിച്ചുപോലും നല്ല ബോധ്യമുള്ള കളിക്കാരന്‍. ലോകത്ത ഏത് ടീമിലും റോഡ്രിഗസിനെ ഉള്‍പ്പെടുത്താം.
കൊളംബിയൻ ഗോളി ഡേവിഡ് ഓസ്പിനയെക്കുറിച്ച്?
റോഡ്രിഗസിനെയും ഫല്‍കാവോയെപ്പോലെയും ടീമിലെ സുപ്രധാനിയാണ് ഓസ്പിന. അധികം സാഹസികതയ്ക്ക് മുതിരാത്ത ഗോളിയാണ് ഓസ്പിന. സാഹചര്യങ്ങള്‍ കാരണം അങ്ങനെ ആയതായിരിക്കും. എതിരാളികളുടെ ഗോള്‍ ശ്രമം തടയുക എന്നത് തന്നെയാണ് പ്രധാനം. പോസ്റ്റുകള്‍ക്കിടയിലെ സേവ് മാത്രം പോര. കളി നമുക്കൊപ്പമാവണമെങ്കില്‍ സാഹസികരാവണം. പ്രതിരോധിക്കാന്‍ ഒരു വഴിമാത്രമല്ല ഉള്ളത്. എനിക്ക് എന്റേതായ വഴികളുണ്ടായിരുന്നു.