കരൾ പിളർന്ന് ലിവർപൂൾ; വിജയോൻമാദത്തിൽ റാമോസിൻറെ റയൽ
ഫൈസൽ കൈപ്പത്തൊടി
” പ്രിയപ്പെട്ട മകനേ, ഈ രാത്രി നമ്മുടേതല്ല.. പക്ഷെ അതോര്‍ത്ത് കരയാനല്ല, നോക്കൂ.. അവര്‍ക്ക് വേണ്ടത് നമ്മുടെ കണ്ണീരല്ല, തകര്‍ന്ന് പോയവര്‍ക്ക് വേണ്ടത് നമ്മുടെ ചുമലുകളാണ് .. കാരണം അവര്‍ പൊരുതിയത് നമ്മുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനാണ് ”.. കരഞ്ഞുകൊണ്ടിരിക്കുന്ന മകനെ ആശ്വസിപ്പിച്ച് അവനെ ‘ നീയൊരിക്കലും ഏകനല്ല’ എന്നെഴുതിയ പതാക അയാള്‍ പുതപ്പിച്ചു.. കരഞ്ഞ് കലങ്ങിയ അവന്‍റെ കണ്‍മുമ്പിലൂടെ ഗ്രൗണ്ടില്‍ കൈകൂപ്പി ഒരു പുരുഷായുസ്സിന്‍റെ പാപബോധം പേറി കരിയസ് നടന്ന് നീങ്ങുന്നുണ്ടായിരുന്നു..
കളിതുടങ്ങും മുമ്പേ ഇന്ത്യന്‍താരംറോബിന്‍ സിങ് വിചിത്രമായ രണ്ട് പ്രവചനങ്ങളാണ് നടത്തിയത്. ‘ ഇന്ന് വിധിയെഴുതുന്നത് സിഡാന്‍ എന്ന തന്ത്രജ്ഞന്‍റെ സബ്സ്റ്റിറ്റ്യൂഷനുകളാവും, 3-1 എന്ന മാര്‍ജിനില്‍ റയല്‍ വിജയിക്കും ‘.. അയാള്‍ അതിന് നിരത്തിയ കാര്യകാരണങ്ങളിലേറ്റവും പ്രധാനം മോഡ്രിച് – ക്രൂസ് – കാസമീറോ മിഡ് ഫീല്‍ഡിന്‍റെ ക്രയശേഷിയായിരുന്നു. സലാഹ് പരിക്കേറ്റ് കേറിയതിന് ശേഷം കളി റയലിന്‍റേതാക്കിയത് അവരായിരുന്നു.
എന്തൊരു ടച്ചുകളായിരുന്നു മോഡ്രിചിന്‍റേത് , ചെസ് താരത്തെ വെല്ലുന്ന രീതിയിലുള്ള ക്രൂസിന്‍റെ പിഴക്കാത്ത കണക്ക് കൂട്ടലുകള്‍ , ചാലകശക്തിയായി കാസമീറോയുടെ വിഷന്‍ , ലെഫ്റ്റ് വിങിലൂടെ കളിയെ വരുതിയിലാക്കി ഒരു മജീഷ്യന്‍റെ ചടുലതയില്‍ അരങ്ങിലാടി തീര്‍ത്ത മാര്‍സെലോ, പ്രായം വേഗത്തെ തടയുന്നെങ്കിലും കൃത്യതയോടെ കയറിയിറങ്ങി കളിച്ച റോണാള്‍ഡോ, സ്ട്രൈക്കര്‍ എന്ന റോളിനോട് നൂറുശതമാനം നീതി പുലര്‍ത്തിയ ബെന്‍സേമ, പ്രതിരോധവും ഓവര്‍ലാപിങും ഒരേപോലെ പയറ്റിയ കാര്‍വഹാലും പകരമെത്തിയ നാചോയും, അടങ്ങാത്ത ആവേശത്തോടെ പന്തില്‍ കാല്‍സ്പര്‍ശം കൊടുത്ത വരാനെ, ഏത് മാര്‍ഗ്ഗവും ലക്ഷ്യം കൊണ്ട് മറക്കാം എന്ന തിയറി നടപ്പിലാക്കുന്ന തോല്‍ക്കാനാവാത്ത രുദ്രന്‍ റാമോസ് , ഒടുവില്‍ പയറ്റിലെ ചുവടുകളെ വെല്ലുന്ന മെയ് വഴക്കത്തില്‍ ഗോളടിച്ച് കൂട്ടിയഗാരെത് ബെയ്ല്‍ , ഗോളി നാവസ്… ഇവരര്‍ഹിച്ചിരുന്നു കീവിലെ രാവും ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും, മറ്റെന്ത് കാരണങ്ങള്‍ കൊണ്ട് അതിനെ ചെറുത്ത് നിന്നാലും.. റോബിന്‍ സിംഗ് നിങ്ങള്‍ ശരിയായിരുന്നു.
എടുത്ത പന്തിനെ വരുതിയിലാക്കാന്‍ തുടങ്ങും മുമ്പേ തടയാന്‍ വന്ന റാമോസിനെ ചലഞ്ച് ചെയ്യാന്‍ ശ്രമിച്ച വലംകൈയിനെ ഒരു സ്പ്രിങ് പൂട്ടില്‍ കുരുങ്ങി നിലത്തടിച്ച് വീണ സലാഹിന്‍റെ കണ്ണീരിലുണ്ടായിരുന്നു ലിവര്‍പൂളിന്‍റെ പരാജയം. സെനഗേലിയന്‍ പോരാട്ടവീര്യം കൊണ്ട് ഒരു ഗോള്‍ തിരിച്ചടിച്ചിട്ടും മുന്നില്‍ നിന്ന് പടവെട്ടിയിട്ടും മാനെക്കത് നേടാന്‍ പറ്റിയില്ല.. ലൊവേണും റൊബേട്സണും എത്രയെത്ര ഇടപെടലുകളാണ് അലയടിച്ചു വന്ന ആക്രമണങ്ങള്‍ക്ക് മുന്നില്‍ ചെയ്തത് ?. അലക്സ് ആര്‍ണോള്‍ഡ് – ഈ കുരുന്നു പ്രായത്തില്‍ എങ്ങനെയാണിത്ര ക്ലിനിക്കല്‍ പെര്‍ഫെക്ഷനുള്ള ടാക്കിളുകള്‍ നടത്തുന്നത് ?. ഹെന്‍ഡേഴ്സന്‍ – നിങ്ങളെന്തൊരു പോരാളിയാണ് ?.
സലാഹ് പോയതോടെ ആലംബം നഷ്ടപ്പെട്ട ആട്ടിന്‍ കുട്ടിയെ പോലെ ഓരോ നീക്കങ്ങള്‍ക്കൊടുവിലും ബോബി ഫെര്‍മെനോ പിടഞ്ഞു തീരുന്നത് വല്ലാത്ത കാഴ്ചയായിരുന്നു.. പ്രതീക്ഷയുടെ അമിതഭാരം പേറാന്‍ പകരക്കാരനായെത്തി ഗതിനിലച്ചു പോയ പേടകം പോലെ ലലാന.. കരുത്തില്‍ പകരം വെക്കാനില്ലാത്ത വൈനാള്‍ഡവും ഡെ-വിക്കും ചിത്രത്തില്‍ നിന്നും പാതി മാഞ്ഞിരുന്നു.. ഓ കാരിയസ് – യവനപുത്രാ , കാത്തിരുന്ന പട്ടങ്ങളും പദവികളും നൈമിഷികനിര്‍ഭാഗ്യം കൊണ്ട് പോയ നിന്നെ ഉപമിക്കാന്‍ യവനപുരാണത്തിലേത് ദുരന്തനായകനാണുള്ളത് ?
ഓ സലാഹ് – നീയായിരുന്നു എല്ലാം .. നിന്നിലായിരുന്നു കണ്ട സ്വപ്നങ്ങളുടെ ചിറകുകള്‍.. അരികു തെറ്റിയ തോളുതൂക്കി നീ മിഴിവാര്‍ത്ത് പോയതില്‍ നിസ്സഹായരായത് ഒരു ജനതയായിരുന്നു, കെട്ടത് പ്രതീക്ഷകളുടെ സഹസ്രം വിളക്കുകളാണ്.. ബ്രെക്സിറ്റ് പോളിന് രാജ്യം മുഴുവന്‍ കൂടെ നിന്നപ്പൊഴും റിബലുകളെ പോലെ ബ്രിട്ടണും യൂറോപ്പും പഴയപോലെ ഇടകലരട്ടെയെന്നുറക്കെ പറഞ്ഞ മെഴ്സി സൈഡിന്‍റെ ദത്തു പുത്രാ , നീ ധീരനായിരിക്കുക.
.. ടീമംഗങ്ങള്‍ കപ്പുയര്‍ത്തി ആടിത്തിമിര്‍ക്കുമ്പോഴും ചെറുപുഞ്ചിരി കൊണ്ട് തനിക്കിനിയും നേടാന്‍ ബാക്കിയുണ്ടെന്ന ശരീരഭാഷയില്‍ നിലകൊള്ളുന്ന സിനദിന്‍ സിദാന്‍ – നിങ്ങളാണ് ജേതാവ്.. മൂന്ന് ചാമ്പ്യന്‍സ് ലീഗും, ലീഗും, സൂപ്പര്‍ കപ്പുമെല്ലാം ചുരുങ്ങിയ കാലം കൊണ്ട് തന്‍റേതാക്കിയ കാല്‍പന്തുകളി ജന്‍മം നല്‍കിയ പരിമിതികളില്ലാത്ത പ്രതിഭ – അയാള്‍ പിറന്നത് ജയിക്കാനായി മാത്രമാണ്..