ചടങ്ങുതീര്‍ക്കാന്‍ ഇങ്ങനെയൊരു സൂപ്പര്‍ ഡിവിഷന്‍ ലീഗ് വേണോ?

സ്വന്തം ലേഖകന്‍
തിരുവനന്തപുരം:  ആവശ്യത്തിന് പന്തില്ല. ഉള്ള പന്ത് കോര്‍ട്ടിന് പുറത്തുപോയാല്‍ എടുക്കാനാളില്ല. ഡോക്ടറോ ആംബുലന്‍സോ ഇല്ല. തിരുവനന്തപുരം ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗിന്റെ അവസ്ഥയാണിത്. ഇന്ത്യന്‍ ഫുട്‌ബോള്‍ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോഴാണ് കേരളത്തിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന തിരുവനന്തപുരം സൂപ്പര്‍ ഡിവിഷന്‍ ലീഗ് എന്ന ചടങ്ങുതീര്‍ക്കല്‍ കലാപരിപാടി.

എസ് ബി ഐ കേരള, കെ എസ് ഇ ബി, കേരള പൊലീസ്, ടൈറ്റാനിയം, ഏജീസ് കേരള, ആര്‍ ബി ഐ, കോവളം എഫ് സി  തുടങ്ങി ഫുട്‌ബോള്‍ പ്രേമികള്‍ അല്ലാത്തവര്‍ക്കുപോലും പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ക്ലബുകളാണ്  തിരുവനന്തപുരം സൂപ്പര്‍ ഡിവിഷനില്‍ കളിക്കുന്നത്. കളി നടക്കുന്നതാവട്ടെ പേരിനുപോലും പുല്ലിന്റെ കണികപോലുമില്ലാത്ത സ്‌റ്റേഡിയത്തിലും. കളിനടത്തിപ്പാണെങ്കില്‍ പറയുകയും വേണ്ട.

pathetic organizing of trivandrum

ആകെ നാല് പന്തുമായാണ് ‘സൂപ്പര്‍ കളി’ നടത്തുന്നത്. പന്ത് പുറത്തുപോയാല്‍ എടുക്കാനാളില്ല. കളിക്കാരന്‍ തന്നെ പന്തെടുത്തുകൊണ്ട് വരണം. ഗോള്‍പോസ്റ്റിന് പിന്നിലേക്ക് പന്ത് പോയാല്‍ ഗോളി ഓടണം. നാല്‍പത് മീറ്ററോളം ദൂരമുണ്ട് സ്‌റ്റേഡിയത്തിന്റെ വേലിക്കെട്ടിലേക്ക്. ഗോളി ഒരുതവണ പന്തെടുത്ത് വരുമ്പോള്‍ ഒടുന്നത് ചുരുങ്ങിയത് എഴുപത് മീറ്റര്‍. കളിക്കിടെ പന്ത് ഗോള്‍പോസ്റ്റിന് പിന്നിലേക്ക് പോകുന്നത് എപ്പോഴും പ്രതീക്ഷിക്കാം. 90 മിനിറ്റ് കളിയില്‍ പന്തെടുക്കാന്‍ തന്നെവേണം നല്ല സമയം. ഇങ്ങനെ നഷ്ടമാവുന്ന സമയം റഫറി അധികസമയമായി നല്‍കുന്നിമില്ല. കളിക്കാര്‍ മാത്രമല്ല, ചിലപ്പോള്‍ റഫറിയും പന്തെടുക്കാന്‍ ഓടുന്ന വിചിത്രകാഴ്ചകളും സൂപ്പര്‍ ഡിവിഷനില്‍ കണ്ടു.

Trivandrum Super Division League07
കളിക്കിടെ പന്ത് പെറുക്കാൻ ഓടുന്ന റഫറി

ഫുട്‌ബോളില്‍ അവശ്യം വേണ്ടതാണ് സുരക്ഷ. സ്‌റ്റേഡിയത്തില്‍ വൈദ്യസഹായ സംവിധാനങ്ങളൊന്നുമില്ല. ആംബുലന്‍സ് പോയിട്ട് ഡോക്ടര്‍പോലുമില്ല. ഇതുവരെ കളിക്കാര്‍ക്ക് ഗുരുതര പരുക്കൊന്നും പറ്റിയിട്ടില്ലെന്ന് ആശ്വസിക്കാം. ‘ ജീവന്‍ പണയംവച്ചാണ് കളിക്കുന്നത്. പരിക്ക് പറ്റിയാല്‍ ഞങ്ങള്‍തന്നെ അനുഭവിക്കണം. ഗ്രൗണ്ടില്‍ പേരിനുപോലും ഡോക്ടറില്ല’ കളിക്കാര്‍ ആശങ്കയോടെ പറയുന്നു. ഗാലറിയില്‍ കളികാണാന്‍ മഷിയിട്ടുനോക്കിയാല്‍പ്പോലും ആരെയും കാണാനാവില്ല.

Trivandrum Super Division League06
കളിക്കിടെ പന്തെടുക്കാൻ പുറത്ത് പോകുന്ന താരം

കളിയും കളിയോട് അനുബന്ധിച്ച കാര്യങ്ങളും മാന്യമായി നടത്താനാണ് കേരള ഫുട്‌ബോള്‍ അസോസിയേഷനും ജില്ലാ അസോസിയേഷനുകളുമുള്ളത്. ചടങ്ങുതീര്‍ക്കലിനായി ഇങ്ങനെയൊരു ലീഗിന്റെ ആവശ്യമുണ്ടോ?. അല്ലെങ്കില്‍ കളിക്കാരുടെ ഭാവിയെ കരുതിയെങ്കിലും നല്ലരീതിയില്‍ കളിനടത്തണം. പുറത്തുപോകുന്ന പന്തെടുത്ത് നല്‍കാന്‍പോലും ആരുമില്ല എന്നത് സംഘാടകരുടെ അലംഭാവമാ അതോ കേരള ഫുട്‌ബോളിന്റെ ദുരന്തമോ?/

അസോസിയേഷന്റെ അച്ചടക്കവാള്‍ പേടിച്ച് കളിക്കാരോ ടീമുകളോ പരാതിപ്പെടില്ല. ആരോടും പറയുകയുമില്ല. കാരണം പരാതിപ്പെടുന്നവരുടെ കളി അതോടെ തീരും. കളിനടത്തിപ്പിലെ പോരായ്മകളെക്കുറിച്ച് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഗീവര്‍ഗീസ് സ്‌പോര്‍ട്‌സ് ഗ്ലോബിനോട് പ്രതികരിച്ചത് ഇങ്ങനെ. ‘ സൂപ്പര്‍ ഡിവിഷന്‍ സംഘാടനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. കുട്ടികളെ കിട്ടാത്തതുകൊണ്ടാണ് പുറത്ത് പോകുന്ന പന്തെടുക്കാന്‍ കളിക്കാര്‍ തന്നെ പോകേണ്ടി വരുന്നത്. ടീമുകള്‍ക്ക് കളിക്കാന്‍ അവസരം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം”. ഈ മറുപടിയില്‍ തന്നെ കേരള ഫുട്‌ബോളിന്റെ വര്‍ത്തമാനവും ഭാവിയും വ്യക്തം.

Trivandrum Super Division League03
പുറത്തുപോയ പന്തുമായി കളിക്കളത്തതിലേക്ക് തിരിച്ചെത്തുന്ന ഗോളി

രണ്ട് ഗ്രൂപ്പുകളിലായി പതിനാല് ടീമുകളാണ് സൂപ്പര്‍ ഡിവിഷനില്‍ കളിക്കുന്നത്. ഗ്രൂപ്പ് എയില്‍ എസ് ബി ഐ കേരള, കേരള പൊലീസ്, ടൈറ്റാനിയം, ബ്ലാക്ക് ആരോസ്, ഗോള്‍ഡന്‍സ് ഈഗിള്‍സ്, യുകെ എഫ്‌സി, എസ് എം ആര്‍ സി എന്നിവര്‍. ഗ്രൂപ്പ് ബിയില്‍ കെ എസ് ഇ ബി, എസ് ബി ഐ കേരള ജൂനിയര്‍, ഏജീസ് കേരള, കോവളം എഫ് സി, ആര്‍ ബി ഐ, കോസ്റ്റല്‍ ക്ലബ്, സെന്റ് മേരീസ് വെട്ടുകാട് എന്നിവരും. കേരളഫുട്‌ബോളിന്റെ നല്ലപാതി സൂപ്പര്‍ ഡിവിഷനില്‍ കളിക്കുന്നു എന്നര്‍ഥം.

കളിക്കാര്‍ക്ക് ആകെ കിട്ടുന്നത് കുടിവെള്ളം മാത്രം. കളിക്ക് മുന്‍പും ശേഷവും വസ്ത്രംമാറുന്നത് ഗാലറിയിലും സ്റ്റേഡിയത്തിലെ ഇടവഴിയിലും. ചെറുകിട ടൂര്‍ണമെന്റുകള്‍ക്കുപോലും സ്‌പോണ്‍സര്‍മാരെ കിട്ടുന്ന കാലത്താണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ അലംഭാവം.
കളിച്ച് തെളിഞ്ഞവര്‍ക്കും തെളിയാനിരിക്കുന്നവര്‍ക്കും കിട്ടുന്ന സാചര്യങ്ങള്‍ ഇതാണ്. ഇവിടെനിന്ന് എങ്ങനെ നല്ല കളിക്കാരും കളിയുമുണ്ടാവും. എങ്ങനെ നല്ല നാളെയെക്കുറിച്ച് പ്രതീക്ഷിക്കും. ഉത്തരം പറയേണ്ടത് ഫുട്‌ബോള്‍ അസോസിയേഷനാണ്.

Trivandrum Super Division League02

ഐ എസ് എല്‍ പോലെ ആഘോഷമാക്കി സൂപ്പര്‍ ഡിവിഷന്‍ മത്സരങ്ങള്‍ നടത്തണമെന്നല്ല പറയുന്നത്. കളിക്കാരെ അല്‍പംകൂടി മാനിക്കുന്ന വിധത്തില്‍ സംഘടിപ്പിക്കണം. അവര്‍ക്ക് പരുക്ക് പറ്റിയാല്‍ ചികിത്സയ്ക്കും ഇടവേളയില്‍ റിഫ്രഷ്‌മെന്റിനും ഭേദപ്പെട്ട സൗക്യങ്ങളെങ്കിലും വേണം. സംഘാടകര്‍ ഒന്നോര്‍ക്കണം. ഇത് കളി മാത്രമല്ല. ജീവിതംകൂടിയാണ്. കളിക്കാരുടെ ജീവിതം ഇങ്ങനെ അലക്ഷ്യമായി പന്ത് തട്ടിക്കളിക്കരുത്.