ജിന്‍സണ്‍ ജോണ്‍സണ്‍: ട്രാക്കിലെ ഇന്ത്യന്‍ പ്രതീക്ഷ

അത്ലറ്റിക്സിലെ ഇന്ത്യൻ പ്രതീക്ഷയായ ജിൻസൺ ജോൺസൺ ജീവിതാനുഭവങ്ങൾ സ്പോർട്സ് ഗ്ലോബുമായി പങ്കുവയ്ക്കുന്നു

ബ്രഹത് ഹെറാള്‍ഡ്

ട്രാക്കിന്‍ പുതിയവേഗത്തിനായി കുതിക്കുകയാണ് കോഴിക്കോട്ടുകാരന്‍ ജിന്‍സണ്‍ ജോണ്‍സണ്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ളദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച ജിന്‍സണ്‍ ഏഷ്യന്‍ ഗെയിംസിനുള്ള തയ്യാറെടുപ്പിലാണ്. ട്രാക്കില്‍ പിന്നിട്ട ജീവിതത്തെക്കുറിച്ചും ഭാവി പ്രതീകളക്കുറിച്ചും സ്‌പോര്‍ട്‌സ് ഗ്ലോബിനോട് മനസ്സ് തുറക്കുകയാണ് ജിന്‍സണ്‍.

കോമണ്‍വെല്‍ത്ത് ഗെയിംസ്

നല്ല മുന്നൊരുക്കത്തോടെയാണ് ഓസ്‌ട്രേലയയിലേക്ക് പോയത്. എന്നെ ഇഷ്ടപ്പെടുന്നവരെപ്പോലെ ഞാനും മെഡല്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 1500 മീറ്റര്‍ ഫൈനലില്‍ രണ്ട് ലാപ്പ് പിന്നിട്ടപ്പോള്‍ മത്സരം കൈവിട്ടു. ഒപ്പമോടുന്നത് ലോകചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്‌സിലുമൊക്കെ മെഡല്‍ നേടിയവരാണ്. സാങ്കേതികത ഏറെ വേണ്ട ഇനമാണ് 1500 മീറ്റര്‍. മറ്റുള്ളവരുടെ തന്ത്രങ്ങള്‍കൂടി മനസ്സിലാക്കിയേ ഓടാനാവൂ. കൂടെയുള്ളവര്‍ നേരത്തേ വേഗം കൂട്ടിയതോടെ, ഫിനിഷിംഗിലേക്ക് ഊര്‍ജം കാത്തുവയ്ക്കാനായില്ല. അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. എങ്കിലും സമയം കാണിച്ചപ്പോള്‍ സന്തോഷം തോന്നി. 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടക്കാനായി.കൂടെ അത്രയും മിടുക്കരായ അത്‌ലറ്റുകള്‍ ഓടിയതിനാലാണ് റെക്കോര്‍ഡ് കുറിക്കാനായത്.

3.37.86 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണ്‍ ദേശീയ റെക്കോര്‍ഡിട്ടത്. 1995ല്‍ ബഹാദൂര്‍ പ്രസാദ് ഡല്‍ഹിയില്‍ കുറിച്ച 3.38.00 സെക്കന്‍ഡാണ് ജിന്‍സന്റെ വേഗത്തിന് മുന്നില്‍ ചരിത്രമായത്.

ഗെയിംസ് അനുഭവം

നല്ല ഓര്‍മ്മകളും അനുഭവങ്ങളുമായിരുന്നു ഗോള്‍ഡ് കോസ്റ്റില്‍. മത്സരിക്കാനെത്തുമ്പോള്‍ പതിനാറാം റാങ്കുകാരനായിരുന്നു. അഞ്ചാം സ്ഥാനത്തോടെ മടങ്ങാനായി. ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് എതിരാളികള്‍ നിന്ന് മനസ്സിലായി. ഗെംയിസ് വില്ലേജില്‍ വലിയ താരങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ആരും വലിപ്പച്ചെറുപ്പമൊന്നും കാണിക്കാറില്ല. അത് വേറിട്ടൊരു ലോകം തന്നെയാണ്.

ഗോള്‍ഡ് കോസ്റ്റ്

കേരളത്തിലെപ്പോലെ ധാരാളം ബീച്ചുകളുള്ള നാടാണ്. നല്ല പച്ചപ്പ്. കണ്ണിന് കുളിര്‍മയുള്ള നഗരം. പക്ഷേ, ഗതാഗതമടക്കമുള്ള സൗകര്യങ്ങള്‍ ഒന്നാന്തരമാണ്. ജനങ്ങളുടെ വൃത്തിയും നിയമങ്ങള്‍ പാലിക്കുന്നതുമെല്ലാം കണ്ട് പഠിക്കേണ്ടതാണ്. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുമ്പോള്‍പോലും മറ്റൊരാള്‍ക്ക് പ്രയാസം ഉണ്ടാക്കരുതെന്ന് അവര്‍ കരുതുന്നു. നിയമങ്ങള്‍  അടിച്ചേല്‍പ്പിക്കാതെ, അവരവര്‍ പാലിക്കുന്നുവെന്നത് വേറിട്ട അനുഭവമായി.

ഒളിംപിക്‌സ്

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഒളിംപിക്‌സ്. ഏറെ കഷ്ടപ്പെട്ടാണ് റിയോയിലേക്ക് യോഗ്യതനേടിയത്. അവസാന നിമിഷം വരെ അനിശ്ചിതത്വമായിരുന്നു. ഫെഡറേഷന്‍ കപ്പില്‍ നേരിയ വ്യത്യാസത്തിനാണ് യോഗ്യത നഷ്ടമായത്. ജൂണില്‍ ഒരുവിദേശ മീറ്റില്‍ പങ്കെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ, ജൂലൈ 11ലെ ഇന്ത്യന്‍ ഗ്രാന്‍പ്രി ആയി അവസാന പ്രതീക്ഷ. ഒളിംപിക്‌സിന് പേര് സമര്‍പ്പിക്കേണ്ട അവസാന തീയതികൂടിയായിരുന്നു ജൂലൈ 11.  സമ്മദ്ദവും ടെന്‍ഷമുമെല്ലാം ഉണ്ടായിരുന്നു. യോഗ്യതാമാര്‍ക്ക് മറികടന്ന സമയത്തോടെ ഫിനിഷ് ചെയ്തപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അവസാന ദിവസം അവസാന സമയമായിരുന്നു ഞാന്‍ യോഗ്യത നേടിയത്. കുഞ്ഞിമുഹമ്മദ് സാറിന് കീഴിലെ പരിശീലനമാണ് ഒളിംപിക്‌സിലേക്ക് നയിച്ചത്.

കാലാവസ്ഥയുമായി പൊരുത്തപ്പെടാനായി ഒരുമാസം മുന്‍പേ റിയോയില്‍ എത്തിയിരുന്നു. എല്ലാം അത്ഭുതമായിരുന്നു. പല മനുഷ്യര്‍. പല രാജ്യക്കാന്‍ ഒരു കുടക്കീഴില്‍. ലോകം കണ്‍മുന്നില്‍ തെളിയുകയായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പൊനൊക്കെ കുറച്ച് രാജ്യങ്ങളിലെ താരങ്ങളേ ഉണ്ടാവൂ. ഒളിംപിക്‌സ് അനുഭവം വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ല. അത്രയേറെ കാഴ്ചകളും അനുഭവങ്ങളുമാണ്  ഓരോ ദിവസവും ഉണ്ടാവുക.

ഉസൈന്‍ ബോള്‍ട്ട്, അസഫ പവല്‍ തുടങ്ങിയ വമ്പന്‍ അത്‌ലീറ്റുളൊക്കെ ഒരുമിച്ച് പരിശീലനത്തിന് ഉണ്ടാവും. ഇതൊക്കെ ജീവിതത്തിൽ കിട്ടുന്ന അപൂർവ ഭാഗ്യങ്ങളാണ്. മത്സരത്തിന് ഇറങ്ങിയപ്പോള്‍ പേടിയൊന്നും ഇല്ലായിരുന്നു. ഹിറ്റ്‌സില്‍ അഞ്ചാം സ്ഥാനത്തായിപ്പോയി. ഇടയ്ക്ക് മറ്റുതാരങ്ങള്‍ക്കിടയി കുടുങ്ങിപ്പോയി. വീഴാതിരുന്നത് ഭാഗ്യം. എന്റെ കൂടെ ഹീറ്റ്‌സില്‍ ഓടിയവരാണ് സ്വര്‍ണവും വെങ്കലവും നേടിയത്.

ഏഷ്യന്‍ ഗെയിംസ്

ഏഷ്യന്‍ ഗെയിംസിനായുള്ള ഒരുക്കത്തിലാണിപ്പോള്‍. ഊട്ടിയിലെ ഹൈ ഓള്‍ട്ടിറ്റിയൂഡ് സെന്ററില്‍ ജെ എസ് ഭാട്യക്ക് കീഴിലാണ് പരിശീലനം. 1500, 800 മീറ്ററുകളിലാണ് പരിശീലനം. നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുണ്ട്. 800, 1500 മീറ്റര്‍ മത്സര ക്രമം നോക്കിയതിന് ശേഷമേ രണ്ടിലും മത്സരിക്കണോ എന്ന് തീരുമാനിക്കൂ. ഏഷ്യന്‍ ഗെയിംസിൽ ഏറ്റവും മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹം. അത് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

അത്‌ലറ്റിക്‌സിലേക്ക്

സ്‌കൂള്‍ പഠനകാലം മുതല്‍ അത്‌ലറ്റിക്‌സില്‍ താല്‍പര്യമുണ്ടായിരുന്നു. തുടക്കത്തില്‍ സമ്മാനമൊന്നും കിട്ടിയിരുന്നില്ല. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി രണ്ടാം സ്ഥാനത്തെത്തുന്നത്. കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു പഠനം. ജില്ലാ മീറ്റിൽ സായിയിലും സ്പോർട്സ് ഹോസ്റ്റലിലുമൊക്കെ പരിശീലനം കിട്ടിയ കുട്ടികളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവിടെയൊന്നും തുടക്കത്തില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍പോലും കഴിഞ്ഞിരുന്നില്ല.

കെ എം പീറ്റര്‍ എന്ന പരിശീലകനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. കാലിക്കറ്റ് സര്‍വകലാശാല തലത്തില്‍ മത്സരിച്ച താരമായിരുന്നു അദ്ദേഹം. ചക്കിട്ടപ്പാറയിലെ ബാങ്ക് സെക്രട്ടറികൂടിയായിരുന്ന പീറ്ററാണ് ആദ്യമായി ശാസ്ത്രീയ പരിശീലനം നല്‍കുന്നത്. രജ്യാന്തരതാരങ്ങളായ നയന ജയിംസ്, ജിബിൻ സെബാസ്റ്റ്യൻ എന്നിവരും  അന്ന് കൂടെയുണ്ടായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ സംസ്ഥാന ജൂനിയർ മീറ്റില്‍ രണ്ട് സ്വര്‍ണം നേടി. ഇവിടെ നിന്നാണ് എന്റെ അത്‌ലറ്റിക്‌സ് കരിയര്‍ കുതിക്കാന്‍ തുടങ്ങിയത്. തൊട്ടടുത്തവര്‍ഷവും നന്നായി ഓടി, കൊല്‍ക്കത്തയില്‍ നടന്ന ദേശീയ സ്കൂൾ മീറ്റിലും സ്വര്‍ണം സ്വന്തമാക്കി.

കേരളത്തില്‍ ധാരാളം പ്രതിഭകളുണ്ട്, പ്രത്യേകിച്ചും നാട്ടിന്‍പുറങ്ങളില്‍. അവരെ കണ്ടെത്തപ്പെടാതെ പോവുകയാണ്. മിക്ക സ്‌കൂളുകളിലെയും കായിക അധ്യാപകര്‍ക്ക് (പി.ടി. അധ്യാപകര്‍) ശാസ്ത്രീയ പരിശീലന രീതികള്‍ അറിയില്ല. സ്‌കൂളില്‍ മത്സരങ്ങള്‍ നടത്തി, അവിടത്തന്നെ എല്ലാം അവസാനിക്കുന്ന രീതിയാണ് പൊതുവെയുള്ളത്. ചുരുക്കം ചിലരെ മാറ്റിനിറുത്തിയാല്‍ കായികാധ്യാപകര്‍  കണ്ടെത്തിയ താരങ്ങള്‍ കുറവാണ്. ഫുട്‌ബോളിലും വോളിബോളിലുമൊക്കെ ഇത് തന്നെയാണ് അവസ്ഥ. ശരിയായ വര്‍ക്കൗട്ട് പോലും അവര്‍ക്ക് അറിയില്ലെന്നതാണ് വസ്തുത.

തുടര്‍ പഠനം, ജോലി

ദേശീയ തലത്തില്‍ മെഡലൊക്കെ വന്നതോടെ ശ്രദ്ധിക്കപ്പെട്ടു. അപ്പോള്‍ തന്നെ ആര്‍മിയില്‍ ജോലി കിട്ടി. പൂനെയില്‍ ആയിരുന്നു ചേര്‍ന്നത്. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായില്ല. ആദ്യമായിട്ടായിരുന്നു നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് മടങ്ങി. കോട്ടയം ബസേലിയസ് കോളേജിലാണ് ബിരുദപഠനത്തിന് ചേര്‍ന്നത്. ജോര്‍ജ് ഇമ്മാനുവലിന് കീഴിലായിരുന്നു പരിശീലനം. സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലായിരുന്നു. ഡിഗ്രീ രണ്ടാം വര്‍ഷം തന്നെ ആര്‍മിയില്‍ ജോലി കിട്ടി. അങ്ങനെ ബിരുദ പഠനം പൂര്‍ത്തിയാക്കാതെ വീണ്ടും സൈന്യത്തില്‍. ചെറുപ്പത്തിലേ ജോലി കിട്ടിയിട്ടും നഷ്ടപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളുമൊക്കെ കുറ്റപ്പെടുത്തി. ഇതാണ് പെട്ടെന്നുതന്നെ വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കാരണം.

ഇന്ത്യന്‍ ടീം

ആര്‍മിയില്‍ എത്തിയതോടെയാണ് സിന്തറ്റിക് ട്രാക്കില്‍ പരിശീലനം തുടങ്ങിയത്. എല്ലാ സൗകര്യങ്ങളും ആര്‍മിയിലുണ്ട്. ഇതോടെ പ്രകടനവും മെച്ചപ്പെട്ടു. ജൂനിയര്‍ വിഭാഗത്തിലെ 1500 മീറ്ററില്‍ സ്വർണം നേടിയോടെ  ഇന്ത്യന്‍ ക്യാമ്പിലേക്ക് വിളിവന്നു. പൂനെയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമായിരുന്നു. അവസാന ട്രയല്‍സില്‍ ടീമില്‍ ഇടംകിട്ടിയില്ല.

ഇന്ത്യന്‍ ജേഴ്‌സി വലിയ സ്വപ്‌നമായിരുന്നു. സ്‌കൂള്‍ ടീമില്‍ മത്സരിക്കുമ്പോള്‍ ജില്ലാ ടീമില്‍ എത്തണം എന്നായിരുന്നു. ജില്ലാ ടീമില്‍ എത്തിയതോടെ കേരളം എന്നെഴുതിയ ജേഴ്‌സി വല്ലാതെ മോഹിപ്പിച്ചു. കേരള ടീമിലെത്തിയപ്പോള്‍ ഇന്ത്യന്‍ ജേഴ്‌സിയായി ലക്ഷ്യം. പടിപടിയായി ഉയര്‍ന്നാണ് ഓരോ സ്വപ്‌നവും സഫലമാക്കിയത്. ഏഷ്യന്‍ ഗെയിംസാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം.

എല്ലാവരും ഉറ്റുനോക്കുന്നുണ്ടെന്ന് അറിയാം. മോശമാകരുതെന്ന് കഠിനമായി ആഗ്രഹിക്കുന്നു. പരിശ്രമിക്കുന്നു. ഇന്ത്യക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ബോധ്യം പരിശീലന സമയത്തും മത്സര സമയത്തുമെല്ലാം ഉണ്ട്. പൂര്‍ണ ആത്മാര്‍ഥതയോടെയാണ് പരിശീലനം പുരോഗമിക്കുന്നത്.

jinson bhatia

പരിശീലനം

അത്‌ലറ്റിക്‌സ് പരിശീലനം അത്ര സുഖകരമല്ല. ജീവിതത്തിലെ പലതും നഷ്ടമാവും. നല്ല ഭക്ഷണം, കൂട്ടുകാരൊത്തുള്ള കറക്കം, വീട്ടുകാരൊത്തുള്ള സമയം…ഇതെല്ലാം നഷ്ടമാവും. ഇപ്പോള്‍ മാരത്തണ്‍ താരം ടി ഗോപിയാണ് റൂംമേറ്റ്. കുറച്ചുനേരം സംസാരിക്കും പാട്ടുകേള്‍ക്കും. ബാക്കി സമയം പരിശീലനവും ഉറക്കവുമല്ലാതെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല. സിനിമ തിയേറ്ററില്‍ കണ്ട കാലം മറന്നു. പക്ഷേ, മെഡലിലേക്ക് ഓടിയെത്തുമ്പോള്‍ അതെല്ലാം മറക്കും. പോഡിയത്തിലെ സുവര്‍ണ നിമിഷങ്ങള്‍ എല്ലാത്തിനേയും മായ്ക്കും. പിന്നെ കേരളത്തിലെ മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണ, അതും വലുതാണ്. മറ്റൊരു സംസ്ഥാനത്തും അത്‌ലറ്റുകള്‍ക്ക് ഇത്രയേറെ പിന്തുണ കിട്ടുന്നില്ല. ഏത് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയാലും കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാവും.

ആഫ്രിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജനിതകമായി നമ്മള്‍ അല്‍പം പിന്നിലാണ്.  കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ അവരുടെ മികവിനെ മറികടക്കാനാവൂ. അവര്‍ക്ക് അത്‌ലറ്റിക്‌സ് നേരംപോക്കല്ല, ജീവിതം തന്നെയാണ്. സ്‌പോര്‍ട്‌സിലൂടെ മാത്രമേ, മിക്ക ആഫ്രിക്കന്‍ താരങ്ങും മാന്യമായി ജീവിക്കുന്നത്. ഇല്ലെങ്കില്‍ പട്ടിണിയും ദുരിതവുമാണ് അവരെ കാത്തിരിക്കുന്നത്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഓടുമ്പോള്‍, അതില്‍ അതിജീവനത്തിനായുള്ള കരുത്തൂകൂടിയുണ്ട്.

യൂറോപ്യന്‍മാരുടെ സ്ഥിതി വ്യത്യസ്തമാണ്. അവര്‍ക്ക് പണവും സൗകര്യങ്ങളും ഏറെയുണ്ട്. അവര്‍ പണത്തിനല്ല, പ്രശസ്തിക്ക് വേണ്ടിയാണ് സ്‌പോര്‍ട്‌സ് ചെയ്യുന്നത്. സ്‌പോര്‍ട്‌സിനോടുള്ള അതിയായ സ്‌നേഹംകൊണ്ടാണ്. ഈരണ്ട് വ്യത്യസ്ത ജീവിതാനുഭങ്ങള്‍ ഉള്ളവരുമായി മത്സരിക്കുമ്പോള്‍ നമ്മളും അതിന് അനുസരിച്ച് തയ്യാറെടുക്കണം.