സെവന്‍സിനെതിരെ വാളോങ്ങുന്നവരോട് ഐ എം വിജയന്‍: വന്നവഴി മറക്കരുത്

സെവന്‍സ് ഫുട്‌ബോളിനോടുള്ള തന്റെ നിലപാട് തുറന്നുപറയുകയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ഐ. എം. വിജയന്‍

ന്ത്യന്‍താരം അനസ് എടത്തൊടിക സെവന്‍സ് ടൂര്‍ണമെന്റില്‍ കളിച്ചത് വലിയ വിവാദവും ചര്‍ച്ചയുമാക്കി കണ്ടു. എന്തിനാണ് ഈ വിവാദം എന്ന് മനസ്സിലാവുന്നില്ല. അനസ് ഫുട്‌ബോളറാണ്, കളിച്ചത് ഫുട്‌ബോളാണ്. ഇതില്‍ ഒരുതെറ്റും കാണുന്നില്ല. ഞാന്‍ കേരളം മുഴുവന്‍ സെവന്‍സ് കളിച്ചയാളാണ്. സെവന്‍സിനെയോ അവിടെ കളിക്കുന്നവരെയോ ഞാന്‍ കുറ്റം പറയില്ല, ഒരിക്കലും.

കേരളത്തില്‍ എന്നും ഫുട്‌ബോള്‍ കളിക്കാര്‍ ഉണ്ടായിട്ടുള്ളത് സെവന്‍സിലൂടെയാണ് . സെവന്‍സ് കളിക്കാത്ത ഏത് താരമുണ്ടാവും കേരളത്തില്‍, പണ്ടും ഇപ്പോഴും. ഞങ്ങള്‍ കളിച്ചിരുന്ന കാലത്തെ ടൂര്‍ണമെന്റുകള്‍പോലും ഇല്ലാതായി. ഐ എസ് എല്ലും ഐ ലീഗും കേരള ലീഗുമാണ് ഇപ്പോഴുള്ളത്. എത്രതാരങ്ങള്‍ക്ക് ഇതില്‍ അവസരം കിട്ടും?. നാട്ടില്‍ കളിക്കാനവസരമില്ല. സെവന്‍സ്‌കൂടി ഇല്ലാതായാല്‍ പിന്നെ എന്താവും അവസ്ഥ.

anas edathodika sports globe
അനസ് സെവൻസ് മത്സരത്തിനിടെ

അനസ് സെവന്‍സ് കളിച്ചത് പണത്തിന് വേണ്ടിയാണെന്ന് കരുതുന്നില്ല. സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാവും. സൗഹൃദങ്ങളെ ഒരിക്കലും നിരസിക്കാനാവില്ല. ഇന്ത്യന്‍ ടീമിലും കൊല്‍ക്കയിലും കളിക്കുമ്പോള്‍ ഞാന്‍ മിക്ക സെവന്‍സ് ടൂര്‍ണമെന്റുകളിലും ബൂട്ടണിഞ്ഞത് സൗഹൃദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. സൗഹൃദങ്ങളില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ട് എന്തുകാര്യം?.

അനസിന് പരുക്കുപറ്റുമെന്നാണ് പലരും വാദിക്കുന്നത്. ഇതിനോട് യോജിക്കാനാവില്ല. പരുക്ക് ഫുട്‌ബോള്‍ കളിക്കാരന്റെ ജീവിതത്തിന്റെ ഭാഗമാണ്. സെവന്‍സില്‍ കളിച്ചാല്‍ മാത്രമല്ല പരുക്കേല്‍ക്കുക. പരിശീലന സമയത്തോ, എന്തിന് സൈക്കിളില്‍ നിന്ന് വീണാല്‍പോലും ആര്‍ക്കും പരുക്കുപറ്റാം. അനസിനെപ്പോലുള്ളവര്‍ ഗാലറിക്ക് ആവേശം പകരാന്‍ ചില മത്സരങ്ങളില്‍ കളിക്കുന്നതിനെ ഞാനൊരിക്കലും കുറ്റം പറയില്ല.

VIAJAYN YOUNG FANS

ഐ എസ് എല്‍ ഒക്കെ ഇപ്പോഴുണ്ടായതാണ്. അവിടെ കളിക്കാന്‍ എത്രമലയാളികളുണ്ട്?.കേരളത്തിലെ ഏതൊരു കളിക്കാരനെ വേണമെങ്കിലും നോക്കൂ, സെവന്‍സിന് ഇറങ്ങാത്ത ആരുണ്ടാവും. കേരളത്തിലെ ഒട്ടുമിക്ക സെവന്‍സ് ടൂര്‍ണമെന്റുകളിലും ഞാന്‍ കളിച്ചിട്ടുണ്ട്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കും പിഴയുമൊക്കെ നേരിട്ടിട്ടുണ്ട്. ഫുട്‌ബോളില്‍ സെവന്‍സ്, ഇലവന്‍സ് എന്നൊന്നുമില്ല. എല്ലാം കളിയാണ്. കളിക്കളത്തിലെ പേടിമാറാനും ആത്മവിശ്വാസം നേടാനും പന്തടക്കം സ്വായത്തമാക്കാനും സെവന്‍സിനോളം ഉപകരിക്കുന്നൊരു കളിയില്ല.

കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഇരട്ടത്താപ്പും എതിര്‍ക്കപ്പെടേണ്ടതാണ്. കെ എഫ് എ സെവന്‍സിന് എതിരാണെന്ന് പറയുന്നു. പക്ഷേ, കെ എഫ് എ തന്നെ പലയിടത്തും സെവന്‍സ് ടൂര്‍ണമെന്റ് നടത്താന്‍ അനുമതി നല്‍കുന്നു. കെ എഫ് എ അംഗീകൃത സെവന്‍സ് എന്ന പേരില്‍. ഇതെന്താ സെവന്‍സല്ലേ. കെ എഫ് എ അംഗീകാരമുള്ള സെവന്‍സില്‍ കളിച്ചാന്‍ പരുക്ക് പറ്റില്ലേ?. സെവന്‍സിനെ വിമര്‍ശിക്കുന്നവരോടും കുറ്റം പറയുന്നവരോടും വാളോങ്ങുന്നവരോടും ഒന്നേപറയാനുള്ളൂ, വന്ന വഴി മറക്കരുത്.

Mohamed Salah