പന്ത് പറഞ്ഞ മലപ്പുറം കിസ്സ
ഫൈസല്‍ കൈപ്പത്തൊടി
ഓരോ നാടിനും കിസ്സകളുണ്ട്. പൂരപ്പെരുമയും തറികളും തിറകളും മധുരനഗരഗരിമകളുമെല്ലാം ഓരോരോ നാടിനെയും അടയാളപ്പെടുത്തുന്നു. മലപ്പുറം എന്ന മലഞ്ചെരുവിനുമുണ്ടൊരു കിസ്സ, കാറ്റു നിറച്ച പന്തുരുളലിന്റെ കിസ്സ.. ജാഫര്‍ ഖാന് എന്ന പത്രപ്രവര്ത്തകന്, ചരിത്രകാരന്, ഫുട്ബോള്‍ കുതുകി, വെറും ഗാലറി ജീവി എന്നിങ്ങനെ പലവേഷങ്ങള്‍
കെട്ടിയാടി തീര്‍ത്ത പന്തുകളിയുടെ മൗലൂദാണ് ഈ പുസ്തകം…
ഷഹബാസ് അമന് ആമുഖത്തില്‍ കുറിച്ചപോലെ ”ഒരു നിലയിലും വേറൊരു ഭാഷയിലേക്ക് കൃത്യമായി പരാവര്‍ത്തനം ചെയ്യാനാവാത്ത ഏതെങ്കിലും ഒരു ചുവട്, ഒരു നാടിന്റെ കാലില്‍ എന്നെന്നേക്കുമായി കുരുങ്ങിക്കിടക്കുന്നുണ്ടെങ്കില് അതൊരു അത്യപൂര്‍വ്വ കരുത്താണ്, അപാര ജനുവിന്നെസ്സാണ് ”…
ചരിത്രത്തിലെ ഈ നാടിന്റെ നിണമണിഞ്ഞ പോരാട്ടവഴികളെ പരിചയപ്പെടുത്തി തുടങ്ങി കാലാന്തരങ്ങളില്‍ ആ വീര്യം കൈമാറ്റം ചെയ്യപ്പെട്ട് കുമ്മായവരക്കുള്ളില്‍ വിപ്ലവമുണ്ടാക്കിയവരുടെ മദ്ഹുകളെ പാടിക്കേള്‍പ്പിക്കുകയാണ് ഗ്രന്ഥകാരന്. ആ പാട്ട് കേള്‍ക്കാന്‍ നമ്മള് കൂടെയിറങ്ങിപ്പോവുകയാണ്.
ഇരുമ്പന്‍ മൊയ്തീന് കുട്ടിയിലാണ് തുടങ്ങുന്നത്. വിഭജനത്തിനു മുമ്പ് മലപ്പുറത്തിന്റെ മണ്ണില്‍ പിറവിയെടുത്ത് പന്ത് പറത്തിക്കൊണ്ടുപോയി ഇന്ത്യന്‍ റോയല്‍ എയര്‍ഫോഴ്സ് വഴി പാക്കിസ്ഥാനിലെത്തി ക്യാപ്റ്റനും കോച്ചുമായി നേട്ടങ്ങളേറെ കൊയ്ത് ഒടുവില്‍ കറാച്ചിയിലൊരു പള്ളിക്കാട്ടില്‍ ആറടി മണ്ണിലേക്കിറങ്ങിക്കിടന്ന് പുതിയ ലോകത്തെ കളിക്ക് വാം അപ് ചെയ്യുന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍, ഇരുമ്പന്‍ മൊയ്തീന് കുട്ടി..
പിന്നെ നമ്മളോട് കഥ പറയുന്നത് ഡിക്രൂസാണ്.. ഒളിമ്പിക്സ് കളിച്ചവരെ അസ്ത്രപ്രജ്ഞരാക്കി എംആര്സിയിലും കൊല്‍ക്കത്ത, രാജസ്ഥാന് ക്ലബിലും ഗോളുകളടിച്ചുകൂട്ടിയ മലപ്പുറത്തിന്റെ ദത്തുപുത്രന്.. പിന്നെ കാണുന്നത് മലപ്പുറത്തിന്റെ ആദ്യ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൊയ്തീന് കുട്ടിയുടെ വീരഗാഥകളാണ്.. മടികൊണ്ട് നാഷണല്‍ ക്യാപ് വേണ്ടെന്നുവച്ച, സര്‍വീസസിനും മൈസൂരിനും മുഹമ്മദന്സിനും അവിഭാജ്യ ഘടകമായ മലപ്പുറം അസീസിനെയാണ്.. അമരന്മാര് അവര്‍, അനശ്വരന്മാര്…
പന്ത് പറഞ്ഞ മലപ്പുറം കിസ്സ ആവശ്യമുള്ളവർ വിളിക്കുക: 96 333 222 02
പേജുകള്‍ മറിയുന്നത് മുന്നിലെ ചരിത്രത്തിലേക്കുള്ള ലോങ്ഷോട്ടുകളിലൂടെ.. സെവന്‍സ് ഫുട്ബോളിന്റെ സ്വര്‍ഗ്ഗലോകമായി മാറുന്ന മലപ്പുറത്തിന്റെ ഉല്‍പതിഷ്ണുതയുടെ മുഖം അനാവരണം ചെയ്യപ്പെടുത്തുന്നുണ്ടവിടെ.. കൃഷി കൊണ്ട് ജീവിക്കുന്ന ഒരു ജനത പന്തുകളിക്കാലത്ത് കൃഷിയിറക്കുന്നതിനെതിരെ ജനകീയപ്രതിരോധം തീര്‍ക്കാന്‍ പോലും മടി കാണിക്കാത്തതിന്റെ അതിസങ്കീര്‍ണ്ണമായ മനശ്ശാസ്ത്രം തിരയുന്നുണ്ട് ചിലപ്പോള്‍ ലേഖകന്‍.
അരീക്കോടും തെരട്ടമ്മലും എടവണ്ണയും മമ്പാടും കോട്ടപ്പടിയും മേല്‍മുറിയും ചേര്‍ന്ന മലപ്പുറത്തിന്റെ ഫുട്ബോള്‍ ഭൂപടത്തിലെ ഓരോ തുരുത്തുകളേയും അവിടെ മൊട്ടിട്ട അസാമാന്യപ്രതിഭകളെയും ഇഴകീറി പഠനവിധേയമാക്കുന്ന കൈപ്പണിയാണ് ജാഫര്‍ ആശാരി ‘ കിസ്സ ‘യില്‍ പ്രയോഗിച്ചിട്ടുള്ളത്. മൊയ്തു റബ്ബര്‍ എസ്റ്റേറ്റ് എന്ന ആദ്യക്ലബ് മുതല്‍ ഇന്നത്തെ സാറ്റ് തിരൂര്‍ വരെയുള്ള ക്ലബുകളുടെ ചരിത്രം വരെ തന്റെ തൂലികക്ക് വശപ്പെടുത്തിയിട്ടുണ്ട്.
കാറ്റ് നിറച്ച പന്തും അതിന്റെ പിന്നാലെ ഓടിയെത്താന്‍ നോക്കിയ കുറച്ചാള്‍ക്കാരെയും പറ്റിയുള്ള, ഉരുളുന്ന പന്തിനു പറയാനാവാത്ത ഒരു രാഷ്ട്രീയവും മനുഷ്യന്റെ അരികുപറ്റി നില്ക്കുന്നില്ല എന്നുപറയുന്ന ഒരു ജനതയെപ്പറ്റിയുള്ള കിതാബ്.. പന്തൊരു ജിന്നായി ഒരു നാടിന്റെ സ്പന്ദനത്തില്‍ എങ്ങനെ ഇടപെടുന്നു എന്നറിയാന്‍ നിങ്ങള്‍ക്ക് വേറൊരു കിതാബുമുണ്ടാവില്ല.
പള്ള പയിച്ചാലും കളി മുടക്കാത്ത, മഗ്രിബ് ബാങ്ക് കേട്ടാല്‍ ഗോള്ഡന്ഗോളിന് വച്ച് ഒരിക്കലും തീരുമാനമാവാതെ കേറിപോന്ന് ആരും കാണാതെ ചേറില്‍ കുതിര്‍ന്ന ജേഴ്സിയും ബൂട്ടും വിറകുപുരയില്‍ തൂക്കി വീട്ടില്‍ കടന്നുകൂടുന്ന, അതേ ചേറ്റിന്‍ ജേഴ്സി കഴുകിയുണക്കി പ്രാകി വീണ്ടും തരുന്ന ഉമ്മമാരുടെ നാട്ടിലെ ‘ പന്തൗലിയാക്കളുടെ ഈ മദ്ഹ് പാട്ട് പന്ത് പറഞ്ഞ മലപ്പുറം കിസ്സ വിക്കിപ്പീഡിയക്കാലത്തുപോലും അപ്രപ്യമായ കാല്പന്തുകളിയുടെ നേര്‍സാക്ഷ്യമാണ്.. വായിക്കപ്പെടേണ്ടതാണ്.. നാം തേടി പോവേണ്ടതാണ് ആ വഴികളെ…